Tuesday, April 3, 2012

കടുവയെ പിടിച്ച കിടുവ; ആപ്പിള്‍ പ്രതിക്കൂട്ടില്‍

സാങ്കേതിക ലോകത്തെ ഭീമന്മാരായ ആപ്പിള്‍ , സാംസംഗ് , എച്ച്.ടി.സി തുടങ്ങിയ കമ്പനികള്‍ കൈവശമുള്ള വിവിധ പേറ്റന്റുകളുടെ പേരില്‍  പരസ്പരം പോരടിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് വിവരസാങ്കേതിക ലോകത്തിന് അത്ര കണ്ട് പരിചിതമല്ലാത്ത ഒരു കമ്പനി പുതിയ പേറ്റന്റ് വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്.
ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, താരതമ്യേന ചെറിയ സ്ഥാപനമായ 'ഗ്രാഫിക് പ്രോപര്‍ട്ടീസ്' ആണ്   പുതിയ വിവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. മുമ്പ് സിലിക്കണ്‍ ഗ്രാഫിക് എന്ന പേരിലറിയപ്പെട്ടിരുന്ന ഈ കമ്പനി മൊബൈല്‍ഫോണും അനുബന്ധ ഉപകരണങ്ങള്‍ക്കുമായിട്ടുള്ള തങ്ങളുടെ കൈവശമുള്ള ഒരു സാങ്കേതിക വിദ്യയുടെ പേറ്റന്റ് ലംഘിക്കപ്പെട്ടതായാണ് യു.എസ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.
എന്നാല്‍ ഈ വിവാദത്തിലെ കൗതുകകരമായ കാഴ്ചയെന്തെന്നാല്‍, ഇന്നു സ്മാര്‍ട്ട് ഫോണ്‍ വിപണിയിലും അനുബന്ധ ഉപകരണങ്ങളിലും ഭീമന്മാരായ ഒട്ടുമിക്ക കമ്പനികള്‍ക്കെതിരെയും ഗ്രാഫിക് പ്രോപര്‍ട്ടീസ്  പേറ്റന്റ് അവകാശവാദമുന്നയിച്ചിട്ടുണ്ടെന്നുള്ളതാണ്.
ആപ്പിള്‍, ജപ്പാനിലെ സാങ്കേതിക ഭീമന്മാരായ സോണി, തായ്‌വാന്‍ കമ്പനിയായ എച്ച്.ടി.സി, കൊറിയന്‍ കമ്പനിയായ എല്‍.ജിയും സാംസംഗും കൂടാതെ ബ്ലാക്‌ബെറി നിര്‍മ്മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ എന്നിവര്‍ക്കെതിരെയാണ് പ്രസ്തുത കമ്പനി യു.എസ് ജില്ലാകോടതിയില്‍ കേസ് കൊടുത്തിരിക്കുന്നത്. കമ്പ്യൂട്ടര്‍ ചിത്രങ്ങളും അക്ഷരങ്ങളും പിക്‌സലുകളിലായി എല്‍സിഡി ഡിസ്‌പ്ലേയില്‍ കാണിക്കുന്നതിനുവേണ്ടി രൂപപ്പെടുത്തിയിട്ടുള്ള സാങ്കേതിക വിദ്യയിലാണ് പേറ്റന്റ് ലംഘനം നടന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണുകളായ ആപ്പിളിന്റെ ഐഫോണ്‍ എച്ച്.ടി.സിയുടെ EVO4G, എല്‍ ജി  ത്രില്‍ , ബ്ലാക്‌ബെറി ടോര്‍ച്ച്, സാംസംഗ് ഗ്യാലക്‌സി സോണി എക്‌സ്പീരിയ പ്ലേ എന്നിവ ഉള്‍പ്പെടും.
പേറ്റന്റ് റോയല്‍റ്റി കിട്ടാത്ത പക്ഷം മേല്‍പ്പറഞ്ഞ ഫോണുകളുടെ വില്പന തടയുന്നതിനായി നിയമനടപടിയുമായി മുമ്പോട്ട് പോകും എന്നാണ് ഗ്രാഫിക് പ്രോപര്‍ട്ടീസ് വക്താക്കള്‍ അറിയിക്കുന്നത്. ഇതോടെ സാങ്കേതിക ലോകത്തെ പേറ്റന്റ് യുദ്ധം പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ്. മിക്കവാറും എല്ലാ കമ്പനികളുമായി പേറ്റന്റ് തര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്ന ആപ്പിളിന്റെ ഐഫോണിനെതിരെ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ആരോപണം ഉയര്‍ന്നിട്ടുള്ളത്.

No comments: