Friday, April 27, 2012

ചൈനയിലെ മുന്‍ നേതാവ് പ്രസിഡന്‍റിന്റെ ടെലഫോണ്‍ ചോര്‍ത്തി


കമ്യൂണിസ്റ്റ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയില്‍നിന്ന് പുറത്താക്കപ്പെട്ട ബോ സിലായി ചൈനീസ് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവരുടെ ടെലഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയിരുന്നതായി റിപ്പോര്‍ട്ട്. സംഭാഷണങ്ങള്‍ ചോര്‍ത്തുന്നതിനുള്ള ശ്യംഖല (വയര്‍ ടേപ്പിങ് നെറ്റ് വര്‍ക്ക്) കളും ബോ സിലായിക്കുണ്ടായിരുന്നതായും ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. ചോങ്ക്വിങ് മേഖലയില്‍ പാര്‍ട്ടി അധ്യക്ഷനായിരുന്നപ്പോഴാണ് മറ്റു 12-ഓളം പേരുമായി ചേര്‍ന്ന് ബോ സിലായി ഇത്തരം ചാരപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 

ചൈനീസ് പ്രസിഡന്‍റ് ഹുജിന്താവോയുടെ ടെലഫോണ്‍ സംഭാഷണം മിക്കപ്പോഴും ബോയുടെ ആള്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചോങ്ക്വിങ്ങില്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള പ്രചാരണത്തോടനുബന്ധിച്ചാണ് വയര്‍ ടേപ്പിങ് നെറ്റ് വര്‍ക്കും ആരംഭിച്ചത്. പാര്‍ട്ടിയില്‍ ബോയുടെ സ്ഥാനം നഷ്ടപ്പെടുന്നതിന് കാരണക്കാരനായ പോലീസ് മേധാവി വാങ് ലിജുന്‍ ആയിരുന്നു ഇത് ആദ്യം നിയന്ത്രിച്ചിരുന്നത്. ഇത് പിന്നീട് ബോ തന്റെ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നു. 
ഹു ജിന്താവോയും ചോങ്ക്വിങ് സന്ദര്‍ശിക്കുകയായിരുന്ന മന്ത്രി മാ വെന്നുമായുള്ള സംഭാഷണം ബോ ചോര്‍ത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതരമായ അച്ചടക്കലംഘനത്തിന്റെ പേരില്‍ ബോയെ പുറത്താക്കിയ ചൈനീസ് അധികൃതര്‍ ഇദ്ദേഹത്തിനെതിരെ അന്വേഷണവും നടത്തിവരികയാണ്. ബോയുടെ ഭാര്യ ഗു കൈലായിയെ കൊലപാതകക്കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ബ്രിട്ടീഷ് ബിസിനസ്സുകാരന്‍ നീല്‍ ഹേവുഡ് കൊല്ലപ്പെട്ട കേസിലാണ് ഗു കൈലായി ഉള്‍പ്പെട്ടിരിക്കുന്നത്.

No comments: