Sunday, April 29, 2012

ഫ്രെഡിയുടെ മൊഴിമാറ്റം :മര്‍ക്കന്റൈല്‍ വിഭാഗം വെട്ടില്‍


കടലിലെ വെടിവയ്‌പ് സംഭവത്തില്‍ ബോട്ടുടമ ഫ്രെഡി മൊഴിമാറ്റിയതോടെ കേന്ദ്ര ഏജന്‍സി മര്‍ക്കന്റൈല്‍ മറൈന്‍ വിഭാഗം വെട്ടില്‍.

സംഭവസമയത്ത്‌ ഗാഢനിദ്രയിലായിരുന്നുവെന്ന്‌ ഫ്രെഡി തിരുത്തിപ്പറഞ്ഞതോടെ ഇതുവരെ അന്വേഷണം പൂര്‍ത്തിയാകാത്ത മര്‍ക്കന്റൈല്‍ വിഭാഗത്തിന്റെ നടപടിയാണ്‌ തിരിച്ചടിയാകുന്നത്‌.

കടലില്‍ ദുരന്തമുണ്ടായാല്‍ മര്‍ച്ചന്റ്‌ ഷിപ്പിംഗ്‌ നിയമപ്രകാരം അന്വേഷിക്കാന്‍ ചുമതലയുള്ള ഷിപ്പിംഗ്‌ മന്ത്രാലയത്തിന്റെ കീഴിലുള്ള മര്‍ക്കന്റൈല്‍ വിഭാഗത്തിന്‌ കുറ്റക്കാരെന്നു കരുതുന്ന നാവികരെ ഇതുവരെ ചോദ്യം ചെയ്യാനായിട്ടില്ലെന്ന്‌ കഴിഞ്ഞദിവസം കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

നിയമപ്രകാരം മര്‍ക്കന്റൈല്‍ വിഭാഗം സമര്‍പ്പിക്കുന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ വിശദ അന്വേഷണം നടത്താന്‍ കേന്ദ്രത്തിന്‌ അധികാരമുണ്ട്‌. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്‌ ലഭിച്ചതായി പറയുന്നുണ്ടെങ്കിലും മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ മൊഴി രേഖപ്പെടുത്തുക ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ 'എന്റിക്ക ലെക്‌സി'യുടെ കാര്യത്തില്‍ ഇതുവരെ പാലിച്ചിട്ടില്ല.

ഈ സാഹചര്യത്തിലാണ്‌ മല്‍സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച സെന്റ്‌ ആന്റണീസ്‌ ബോട്ടിന്റെ ഉടമയും ദൃക്‌സാക്ഷിയുമായ ഫ്രെഡിക്ക്‌ ഇറ്റലിക്കനുകൂലമായി മൊഴിമാറ്റാന്‍ അവസരം ലഭിച്ചത്‌. ഇറ്റാലിയന്‍ കപ്പലിലെ സുരക്ഷാ ഭടന്മാരെ കൊച്ചിയിലെ മര്‍ക്കന്റൈല്‍ വകുപ്പ്‌ ചോദ്യം ചെയ്‌തിട്ടില്ലാത്തതിനാല്‍ കൂടുതല്‍ വിവരം ലഭ്യമായിട്ടില്ലെന്ന്‌ കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്‌.

ടി. അഭിജിത്‌

No comments: