Sunday, April 15, 2012

ഹിറ്റ്ലറിന്റെ പേരക്കുട്ടി എന്നവകാശപ്പെട്ട് ഫ്രാൻസിൽനിന്നും ഫിലിപ്പ് ലോറെറ്റ് എന്ന അൻപത്തിയാറുകാരൻ


Dated: April 8, 2012

                  40 വർഷത്തോളമായി ഒളിച്ചുവെച്ച രഹസ്യം പുറത്തുവിട്ടിരിയ്ക്കുകയാണ് ഫിലിപ്പ് ലോറെറ്റ്(56) എന്നു പേരായ പ്ലംബർ. 40വർഷങ്ങൾക്കുമുൻപ് ഒരു ദിവസം തന്റെ ആറു സഹോദരങ്ങൾക്കുമൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണത്രെ ഫിലിപ്പിന്റെ അച്ഛൻ ആ രഹസ്യം മക്കളോട് പങ്കുവെച്ചത്. അന്നത്തെ ആ നിമിഷം ഒരു സിനിമാരംഗം പോലെ ഇന്നും ഫിലിപ്പിന്റെ മനസ്സിൽ മായാതെ നിൽക്കുന്നു.
             സഹോദരങ്ങൾ കളിചിരിയിലേർപ്പെട്ട്, ഭക്ഷണം കഴിച്ചുകൊണ്ടിരിയ്ക്കുമ്പോൾ അച്ഛൻ ജീൻ മരിയ പെട്ടന്ന് പറഞ്ഞത്രെ’ കുട്ടികളേ ഞാൻ നിങ്ങളോടൊരു കാര്യം പറയാം, പക്ഷെ നിങ്ങളത് രഹസ്യമാക്കി വെയ്ക്കണം നിങ്ങൾ മഹാനായ ഹിറ്റ്‌ലറുടെ പേരക്കുട്ടികളാണ്’ എന്ന്. ജീൻ ഇക്കാര്യം പറഞ്ഞുനിർത്തിയപ്പോൾ സൂചിവീണാലറിയുന്ന നിശബ്ദത നിറഞ്ഞത്രെ മുറിയിൽ. എല്ലാവരും ശരിയ്ക്കും അത്ഭുദസ്തബ്ധരായി. ഫിലിപ്പ് പറയുന്നു. പിന്നീട് ജീൻ തന്റെ ജനന സർട്ടിഫിക്കറ്റും മറ്റുരേഖകളുമൊക്കെ ഫിലിപ്പിന് കാണിച്ചുകൊടുത്തെങ്കിലും കുറേദിവസങ്ങളോളം  ആ അത്ഭുദനിമിഷത്തിൽനിന്നും മോചിതനാകാൻ കഴിഞ്ഞില്ലത്രെ ഫിലിപ്പിന്.
                                                            കഴിഞ്ഞ മാസം അലൻ വിൽക്കീസ് എന്നുപേരായ ഒരു എഞ്ചിനീയർ തന്റെ അച്ഛന്റെ പഴയൊരു ഡയറി കണ്ടെടുക്കുകയുണ്ടായി. അതിൽ അദ്ദേഹം ഹിറ്റ്ലറുടെ കീഴിൽ ജോലിചെയ്തിരുന്ന സമയത്ത് 1944 സെപ്റ്റംബർ 30ന് ഹിറ്റ്ലറുടെ താമസസ്ഥലത്ത് ഒരു ഫ്രെഞ്ച്‌ വനിതയെ കാണുകയുണ്ടായെന്നും അവരുടെ കൂടെയുണ്ടായിരുന്ന അവരുടെ മകൻ ഫ്രഞ്ച് ആർമിയിൽ ജർമ്മനിയ്ക്കെതിരെ യുദ്ധം ചെയ്യുകയാണെന്നും പറയുകയുണ്ടായത്രെ, ആ മകൻ ഹിറ്റ്ലറുടെ അതേ, മുഖച്ഛായ ഉള്ളവനുമായിരുന്നുവെന്നാണ് ഡയറിയിലെഴുതിയിരിയ്ക്കുന്നത്. തെളിവുകൾ പരിശോധിച്ചതിൽ നിന്നും അത് ജീൻ മരിയ തന്നെയായിരുന്നു എന്ന് വ്യക്തം.
                                                ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളിൽ 1917ൽ ജർമ്മനിയിലെ ഒരു ആർമിയുടെ നേതൃത്വത്തിൽ ഹിറ്റ്ലർ ഫ്രാൻസിലെത്തിയ സമയത്താണ്, ചർലറ്റ് ലോബ്ജോ എന്ന ഫ്രഞ്ച് വനിതയുമായി പ്രണയത്തിലാകുന്നത്. കുറച്ചുദിവസങ്ങൾ മാത്രം നീണ്ടുനിന്ന അവരുടെ ബന്ധത്തിനിടയിൽ ചർലറ്റ് ഗർഭിണിയാവുകയും ചെയ്തു. എന്നാൽ അധികം താമസിയാതെ ഹിറ്റ്ലർ ജർമ്മനിയിലേയ്ക്ക് മടങ്ങി. പക്ഷെ, ജീവിച്ചിരുന്ന കാലത്ത് പരസ്യമായി ഇങ്ങനെയൊരു ബന്ധം അംഗീകരിയ്ക്കാനോ മകനെ സ്വീകരിയ്ക്കാനോ ഹിറ്റ്ലർ തയ്യാറാവുകയുണ്ടായില്ലത്രെ. 1918ലാണ് ചർലറ്റ് ജീൻന് ജന്മം നൽകിയത്. തന്റെ 67-ആം വയസ്സിൽ 1985ൽ ജീൻ മരണമടയുകയും ചെയ്തിരുന്നു. ദശാബ്ദങ്ങളോളം ചരിത്രകാരന്മാരെ അത്ഭുദപ്പെടുത്തിയിരുന്ന വിഷയമായിരുന്നു, ഹിറ്റ്ലറുടെ ഈ ബന്ധവും അതിലെ കുഞ്ഞും. ഹിറ്റ്ലർ ജീവിച്ചിരുന്ന കാലത്തുതന്നെ രക്തഗ്രൂപ്പ് നിർണ്ണയത്തിലൂടെ ഇരുവരും തമ്മിലുള്ള ബന്ധം ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. മാത്രമല്ല, ഇരുവരുടേയും കൈ‌യക്ഷരത്തിനുപോലും സാമ്യമുണ്ടായിരുന്നു. മരിയ്ക്കുന്നതിന് കുറച്ചുദിവസങ്ങൾക്കുമുൻപ് ജീൻ 1981ൽ തന്റെ ഓർമക്കുറിപ്പുകൾ എഴുതിയിരുന്നു. അത് യുവർ ഫാദേഴ്സ് നെയിം വാസ് ഹിറ്റ്ലർ എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പക്ഷെ, ജീൻ തന്റെ മക്കളെക്കുറിച്ച് ആ പുസ്തകത്തിൽ പറയാതിരുന്നതുകൊണ്ട് ഫിലിപ്പിനെക്കുറിച്ച് ആർക്കും അറിയുമായിരുന്നില്ല. 1977ലാണ് ഫിലിപ്പ് വിവാഹിതനായത്. എന്നാൽ പാഠപുസ്തകങ്ങ‌ളിൽ പഠിച്ചിട്ടുള്ള ഒരു വ്യക്തി എന്നതിനപ്പുറം ഹിറ്റ്ലറെക്കുറിച്ച് ഒന്നുമറിയുമായിരുന്നില്ല ഫിലിപ്പിന്റെ ഭാര്യ റോസലിന്.

No comments: