Friday, June 1, 2012

മണിയുടെ ചിന്നക്കനാല്‍ പ്രസംഗവും വിവാദമാകുന്നു


കുടിക്കുന്ന വെള്ളത്തിലും വി.എസ്.അച്യുതാനന്ദന്‍ മോശത്തരം കാണിക്കുകയാണെന്ന സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയുടെ പ്രസംഗവും വിവാദമാകുന്നു.

തൊടുപുഴ മണക്കാട്ടെ വിവാദപ്രസംഗത്തിന് ഒരുദിവസം മുമ്പ് ചിന്നക്കനാലില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണയോഗത്തിലാണ് വി.എസ്സിനും സി.പി.ഐ.ക്കും എതിരെ മണി ശകാരം ചൊരിഞ്ഞത്.

''റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരനെ ആരോ കൊന്നത് വിവാദമാക്കിയതില്‍ നമ്മുടെ കാര്‍ന്നോര്‍ക്കും പങ്കുണ്ട്. കാര്‍ന്നോര് ആരാണെന്ന് നിങ്ങള്‍ക്കറിയില്ലേ? വി.എസ്.അച്യുതാനന്ദന്‍. ചന്ദ്രശേഖരനെ കാണാന്‍ പുള്ളി അവിടെ ചെല്ലുന്നു. അങ്ങേരുടെ അമ്മായിയപ്പനല്ലേ മരിച്ചത്. ഇറങ്ങിവന്നപ്പോള്‍ പറഞ്ഞു- ധീരനായ കമ്മ്യൂണിസ്റ്റാണ് ചന്ദ്രശേഖരനെന്ന്. ഏത്? എങ്ങനെയാ അത് ശരിയാകുന്നത്. ചെറ്റത്തരം കാണിക്കുന്നവനാണോ ഉത്തമന്‍?''-ചിന്നക്കനാല്‍ പ്രസംഗത്തില്‍ എം.എം.മണി ചോദിച്ചു.

''(ചീത്തവാക്ക്) ഒരുത്തനുണ്ടല്ലോ -നമ്മുടെ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. അവന്‍ പറയുവാ അച്യുതാനന്ദന്‍ ധീരനായ പോരാളിയാണെന്ന്. പാര്‍ട്ടി വിട്ട് വാ നോക്കാമെന്ന്. അച്യുതാനന്ദന്‍ പറയേണ്ടെ. പോടാ (ചീത്തവാക്ക്) എന്ന്. പുള്ളി ഒന്നും മിണ്ടാതെ നടക്കുവാ.

ചന്ദ്രശേഖരനെ ആരോ കൊന്നു. കൊന്നത് ഞങ്ങളല്ല, ഞങ്ങള്‍ക്കറിയില്ല. ചന്ദ്രശേഖരന്‍ എന്തിനാ പാര്‍ട്ടി വിട്ടുപോയത്. ഒഞ്ചിയം പഞ്ചായത്തിന്റെ ഭരണം പങ്കുവയ്ക്കണമെന്നായിരുന്നു ധാരണ. നമ്മളുടെ ഭരണം കഴിഞ്ഞപ്പോള്‍ വരേണ്ടത് എം.പി.വീരേന്ദ്രകുമാര്‍ എന്ന (അധിക്ഷേപകരമായ പരാമര്‍ശം) പാര്‍ട്ടിയാ. അത് ഇഷ്ടപ്പെടാത്തതുകൊണ്ടാ പോയത്. സാമാന്യ മര്യാദയില്ലാതെയാണ് പാര്‍ട്ടി വിട്ടത്. തത്ത്വശാസ്ത്രവും വിപ്ലവവും ഒന്നുമില്ല. കുലംകുത്തി എന്ന് പിണറായി വിളിച്ചതൊക്കെ ശരിയാ''-പ്രസംഗത്തില്‍ തുടരുന്നു.

സി.പി.ഐ., എ.ഐ.ടി.യു.സി. പ്രാദേശിക-ജില്ലാ നേതാക്കളെയും മുന്‍ മന്ത്രിമാരെയും മണി വെറുതെവിട്ടില്ല. ഞങ്ങളെ തല്ലി ഒതുക്കിയതുകൊണ്ടൊന്നും നിങ്ങളുടെ സി.പി.ഐ.യും എ.ഐ.ടി.യു.സി.യും ശക്തിപ്പെടാന്‍ പോകുന്നില്ല. എന്തായിരുന്നു നിങ്ങടെ പ്രമാണിത്വം. എല്ലാ പ്രമാണിത്വവും പോയില്ലേ. ഞങ്ങള്‍ക്കെതിരെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. നിങ്ങളും പിടിക്കുന്ന കൊടി എല്‍.ഡി.എഫിന്റേതാണ്.

അതുകൊണ്ടാ വെറുതെ വിടുന്നത്. അല്ലെങ്കില്‍ എന്നേ അടിച്ചേനെ. എവിടെയും കേറി അടിക്കാന്‍ പറ്റുന്ന ഫോഴ്‌സാ ഞങ്ങളുടേത്. ഞങ്ങള്‍ക്കറിയാം അടിക്കാന്‍. ഞങ്ങള്‍ അടിക്കാന്‍ അങ്ങ് തീരുമാനിച്ചാല്‍ അടിച്ചതാണ്. ഇങ്ങോട്ടുതല്ലിയാല്‍ പലിശയും ചേര്‍ത്ത് കൊടുക്കും. കേസൊക്കെ നമ്മക്ക് കൈകാര്യംചെയ്യാം. നല്ല വക്കീലന്മാരെ വെച്ചാല്‍ മതി.ചിന്നക്കനാലില്‍ ആല്‍ബിന്‍ ഉള്‍പ്പെടെ ഞങ്ങളുടെ നേതാക്കന്മാരെ ഒതുക്കാന്‍ നോക്കി. കെ.പി.രാജേന്ദ്രനും മറ്റേ രാജേന്ദ്രനും ബിനോയ്‌വിശ്വവും ഒക്കെ എന്നെ ഒലത്താന്‍ നോക്കി. ഇപ്പോഴാണോ ഇവനൊക്കെ കാര്യങ്ങള്‍ അറിഞ്ഞത്. അതിനു മുമ്പെന്താ (ചീത്തവാക്ക്) പോയിരിക്കുകയായിരുന്നോ ? ആല്‍ബിന്‍ ഇവിടെ ജനിച്ചുവളര്‍ന്നവനാ, സ്ഥലം എല്ലാവരും എടുത്തിട്ടുണ്ട്. ഒരേക്കറോ അരയേക്കറോ അയാളുമെടുത്തു. അതിന് എന്നാ വേണം''. 

No comments: