1982 നവംബര്‍ 13ന് നടന്ന കൊലപാതകത്തില്‍ അന്ന് രജിസ്റ്റര്‍ചെയ്ത കേസിലെ ഒന്നാംപ്രതി പനയ്ക്കല്‍ കുഞ്ഞൂഞ്ഞ് എന്നുവിളിക്കുന്ന കേശവന്‍തന്നെയാണ് കുറ്റക്കാരനെന്നാണ് തന്റെ അറിവെന്നും മോഹന്‍ദാസ് പറയുന്നു. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.
മൊഴിയുടെ പൂര്‍ണരൂപം ചുവടെ:
1979 മുതല്‍ ഞാന്‍ ഉടുമ്പന്‍ചോലയിലാണ് താമസം. അന്നുമുതല്‍ സി.പി.എമ്മിന്റെ ഉടുമ്പന്‍ചോല ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ്. സേനാപതി പഞ്ചായത്ത് സേനാപതി ലോക്കല്‍ കമ്മിറ്റിയുടെ കീഴിലായിരുന്നു. വല്ലേരിയില്‍ കുഞ്ഞേപ്പ് ആശാന്‍ എന്നുവിളിക്കുന്ന വി.എം.ജോസഫ് എന്നയാളായിരുന്നു സേനാപതി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി. ഇപ്പോള്‍ അയാള്‍ ജീവിച്ചിരിപ്പില്ല.
1982 കാലഘട്ടത്തില്‍, സേനാപതി പഞ്ചായത്തില്‍ ഐ.എന്‍.ടി.യു.സി.യും സി.ഐ.ടി.യു.വുമായി തൊഴിലാളികളെ യൂണിയനില്‍ ചേര്‍ക്കുന്നതും മാറ്റുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അവിടത്തെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് എന്നോടും എല്‍.സി. അംഗങ്ങളായ വല്യതറ കിഴക്കേവീട്ടില്‍ ലക്ഷ്മണനോടും വല്യകല്ലുങ്കല്‍ ജോസഫിനോടും ഒളിവില്‍ക്കഴിയാന്‍ പാര്‍ട്ടി നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് ഞാന്‍ പോലീസില്‍ പിടികൊടുക്കാതെ നടക്കുകയായിരുന്നു. നിര്‍ദേശം തന്നത് അന്ന് രാജാക്കാട് ഏരിയാ സെക്രട്ടറിയായിരുന്ന കെ.കെ.ജയചന്ദ്രനാണ്.
സേനാപതി പഞ്ചായത്തില്‍ ഐ.എന്‍.ടി.യു.സി- സി.ഐ.ടി.യു., കോണ്‍ഗ്രസ്-സി.പി.എം, സംഘട്ടനങ്ങളുണ്ടായി. പോലീസ് കോണ്‍ഗ്രസ്പക്ഷം ചേര്‍ന്ന് സി.പി.എമ്മിനെ ആക്രമിക്കുന്നുവെന്നും കുത്തുകേസില്‍ കുടുക്കുന്നുവെന്നും ആരോപിച്ച് 1982-ല്‍ വട്ടപ്പാറയില്‍നിന്ന് മൈതാനിയിലേക്ക് പ്രതിഷേധപ്രകടനം നടത്തി. പ്രകടനത്തെ നയിച്ചത് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം എം.എം.മണി, കെ.കെ.ജയചന്ദ്രന്‍, സി.ഐ.ടി.യു. ജനറല്‍ സെക്രട്ടറിയും സി.പി.എം. ജില്ലാ കമ്മിറ്റിയംഗവുമായ എ.കെ.ദാമോദരന്‍, ശാന്തന്‍പാറ എല്‍.സി. സെക്രട്ടറി ഒ.ജി.മദനന്‍, സേനാപതി എല്‍.സി. സെക്രട്ടറി വി.എന്‍.ജോസഫ് എന്നിവരാണ്.
കോണ്‍ഗ്രസ്സുകാര്‍ ബോംബെറിഞ്ഞും വെടിവച്ചും മറ്റും പ്രകടനം നടത്താന്‍ അനുവദിക്കാതെ ആളുകളെ വിരട്ടിയോടിച്ചു. അന്ന് വൈകുന്നേരം രാജാക്കാട് ഏരിയാ കമ്മിറ്റി ഓഫീസിലെ ജീപ്പ് ഡ്രൈവര്‍, മാട്ടുത്താവളം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ജീപ്പുമായി വന്ന് എന്നെ രാജാക്കാട് ഓഫീസിലേക്ക് വിളിച്ചോണ്ടുപോയി. ജീപ്പ് ഡ്രൈവര്‍, എ.കെ.ദാമോദരന്റെ മകളുടെ ഭര്‍ത്താവ് സുധന്‍ ആയിരുന്നു.
ജീപ്പില്‍ ഞാനും സുധനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ രാത്രി എട്ടിന് ഓഫീസില്‍ ചെല്ലുമ്പോള്‍ ഓഫീസ് സെക്രട്ടറി പി.എ.വിജയന്‍, ബൈസണ്‍വാലി എല്‍.സി. സെക്രട്ടറി എം.എം.ലംബോദരന്‍ എന്നിവര്‍ അവിടെ ഉണ്ടായിരുന്നു. 'ജയചന്ദ്രന്‍ സഖാവ് എത്തിയോ' എന്ന് ഞാന്‍ വിജയനോട് ചോദിച്ചു. ഹാളിന്റെ അപ്പുറത്തെ മുറിയിലുണ്ടെന്ന് പറഞ്ഞശേഷം വിജയന്‍ പോയി. ഞാന്‍ ചെന്ന കാര്യം ജയചന്ദ്രനോട് പറഞ്ഞു. ഇരിക്കാന്‍ പറഞ്ഞുവിട്ടതിന്‍പ്രകാരം ഞാന്‍ ഓഫീസില്‍ ഇരുന്നു.
ഒരുമണിക്കൂറിനുശേഷം എന്നെയും ലംബോദരനെയും ഹാളിനപ്പുറമുള്ള മുറിയിലേക്ക് വിളിപ്പിച്ചു. അവിടെ എം.എം.മണി, കെ.കെ.ജയചന്ദ്രന്‍, ഒ.ജി.മദനന്‍, എ.കെ.ദാമോദരന്‍, സേനാപതി എല്‍.സി. സെക്രട്ടറി വി.എം.ജോസഫ് എന്നിവര്‍ ഉണ്ടായിരുന്നു.
ഞാന്‍ മുറിയിലിരുന്നപ്പോള്‍ മണി ഞങ്ങളോട് 'കോണ്‍ഗ്രസ്സും പോലീസും ചേര്‍ന്ന് പാര്‍ട്ടിക്ക് മുന്നോട്ടുപോകാന്‍ പറ്റാത്ത അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന്റെ പിന്നില്‍ പൊന്നപ്പന്‍പിള്ളയും ബേബിയുമാണ്. അതുകൊണ്ട് ഞങ്ങള്‍ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. കാര്യങ്ങള്‍ നടന്നുകഴിഞ്ഞാല്‍ നിങ്ങള്‍ പലരും പ്രതികളായെന്നുവരാം. നിങ്ങളൊന്നും അറിയേണ്ട. പാര്‍ട്ടിക്ക് കുഴപ്പമില്ലാത്തവിധം കാര്യങ്ങള്‍ നോക്കിയാല്‍ മതി' എന്ന് പറഞ്ഞു.
അന്ന് രാത്രിയില്‍ ഞാന്‍ ഓഫീസില്‍ത്തന്നെയാണ് കഴിഞ്ഞത്. എന്നോടൊപ്പം വിജയനും ഉണ്ടായിരുന്നു. പിറ്റേന്ന് ഞാന്‍ ഉടുമ്പന്‍ചോല പാര്‍ട്ടി ഓഫീസിലേക്ക് പോന്നു. അതിന് പത്തിരുപത് ദിവസം കഴിഞ്ഞ് ബേബി വധിക്കപ്പെട്ടു. യോഗത്തിനുശേഷം എത്ര ദിവസം കഴിഞ്ഞാണ് സംഭവമെന്ന് കൃത്യമായി ഓര്‍ക്കുന്നില്ല.
ബേബി വധിക്കപ്പെട്ടത് 1982 നവംബര്‍ 13ന് ഉച്ചയ്ക്ക് മുമ്പാണ്. സംഭവം നടക്കുമ്പോള്‍ ഞാന്‍ മാട്ടുത്താവളത്തിനടുത്ത് ഒരു എസ്റ്റേറ്റ് ലയത്തിലായിരുന്നു. സംഭവം നടന്നത് മഞ്ഞത്തോട്ടില്‍വച്ചായിരുന്നു എന്നാണ് അറിഞ്ഞത്.
വിവരം അറിഞ്ഞപ്പോള്‍ത്തന്നെ, ചെമ്മണ്ണാറിലെത്തി. അവിടെനിന്ന് തടിയൂര്‍പ്പാറ ജോസിന്റെ കൂടെ മുക്കുടി പാര്‍ട്ടി ഓഫീസില്‍ എത്തി. അവിടെ, പനയ്ക്കല്‍ കുഞ്ഞ്, വി.എസ്.ചാക്കോ, പാര്‍ട്ടി ഓഫീസിനടുത്ത് താമസിക്കുന്ന എ.കെ.ദാമോദരന്റെ ചേട്ടന്റെ മകന്‍ എന്നിവരും ഉണ്ടായിരുന്നു. കുറച്ചുകഴിഞ്ഞ് കോട്ടയം പ്രസാദും അവിടെ വന്നു.
വി.എസ്.ചാക്കോ പറഞ്ഞതനുസരിച്ച് ഞങ്ങള്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍ എത്തി. അവിടെ പി.എ.വിജയന്‍ ഉണ്ടായിരുന്നു. വിജയന്‍ ഞങ്ങളോട്, ആനപ്പാറയിലുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ മോഹനന്റെ വീട്ടില്‍ ചെല്ലാന്‍ പറഞ്ഞു. അവിടെനിന്ന് ഭക്ഷണം കഴിച്ചശേഷം രാത്രി 11 മണി കഴിഞ്ഞ് ഒരു ജീപ്പില്‍ തൊടുപുഴ കോണ്ടിനന്റല്‍ ഹോട്ടലിന്റെ മുന്‍വശത്തെ പാര്‍ട്ടി ഓഫീസില്‍ എത്തി. അവിടെ താമസിച്ചു.
അവിടെ സുരക്ഷിതമല്ലെന്നുകണ്ട്, അവിടെനിന്ന് നടന്ന് മടക്കത്താനത്ത് എത്തി. കുഞ്ഞേട്ടന്റെ ഒരു ബന്ധുവിന്റെ വീട്ടില്‍ താമസിച്ചു. അവിടെനിന്ന് ബ്രാഞ്ച് കമ്മിറ്റി മെമ്പറാണെന്ന് തോന്നുന്ന ഒരാളുടെ വീട്ടിലേക്ക് മാറി. രണ്ടുദിവസം കഴിഞ്ഞ് പാര്‍ട്ടി ഞങ്ങളോട് മൂലമറ്റത്ത് എത്താന്‍ നിര്‍ദേശിച്ച പ്രകാരം ഞങ്ങള്‍ സന്ധ്യയോടെ അവിടെയെത്തി.
ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, പോലീസെത്തി ഞങ്ങള്‍ നാലുപേരെ പിടിച്ച് ശാന്തന്‍പാറയ്ക്ക് കൊണ്ടുപോന്നു. പിന്നീട് ഞങ്ങളെ ചോദ്യംചെയ്ത ശേഷം മുക്കുടി പാര്‍ട്ടി ഓഫീസില്‍ കൊണ്ടുപോയി. അവിടെനിന്ന് തോക്ക് കിട്ടാത്തതിനാല്‍ ശാന്തന്‍പാറ ഗസ്റ്റ്ഹൗസിലേക്ക് കൊണ്ടുപോയി.
അവിടെവച്ചും ചോദ്യംചെയ്തശേഷം ഞങ്ങളെ രാജാക്കാട് പാര്‍ട്ടിഓഫീസില്‍ കൊണ്ടുപോയി. അവിടെ കക്കൂസ്പരിസരത്തുനിന്ന് പോലീസ് തോക്ക് കണ്ടെടുത്തു. തോക്കെടുക്കാന്‍ ഞങ്ങള്‍ നാലുപേരെയും കൊണ്ടുപോയിരുന്നു. അപ്പോള്‍ പാര്‍ട്ടി ഓഫീസില്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് എനിക്കറിയില്ല.
ആദ്യം ഞങ്ങള്‍ നാലുപേരെയാണ് അറസ്റ്റുചെയ്തത്. പിന്നീട് ഞങ്ങളെ റിമാന്‍ഡ് ചെയ്തു. ബേബിയുടെ വധവുമായി ബന്ധപ്പെട്ട് പിന്നീട് മറ്റ് അഞ്ചുപേരെക്കൂടി അറസ്റ്റുചെയ്തു. ബേബി വെടിയേറ്റാണ് മരിച്ചതെന്ന് ആനപ്പാറ വീട്ടില്‍വച്ചാണ് ഞാന്‍ അറിഞ്ഞത്.
ബേബിയെ വെടിവച്ചുകൊന്നത് കുഞ്ഞൂഞ്ഞെന്ന് വിളിക്കുന്ന കേശവന്‍തന്നെയാണെന്നാണ് എന്റെ അറിവ്. കുഞ്ഞേട്ടന് തോക്കുണ്ട്. തോക്ക് നന്നായി ഉപയോഗിക്കാനും അറിയാമായിരുന്നു. ബേബിയെ കൊലപ്പെടുത്താന്‍ ആരൊക്കെ ഉണ്ടായിരുന്നെന്ന് സ്വകാര്യ സംഭാഷണത്തില്‍പ്പോലും കുഞ്ഞേട്ടന്‍ എന്നോട് പറഞ്ഞിട്ടില്ല. പൊന്നപ്പന്‍പിള്ളയെ പിന്നീട് ഞാന്‍ ശാന്തന്‍പാറയില്‍വച്ച് കണ്ടിട്ടുണ്ട്. പാര്‍ട്ടിയാണ് കേസ് നടത്തിയത്. 1986-ല്‍ കേസില്‍ എല്ലാവരെയും വെറുതെവിട്ടു.
എനിക്കതില്‍ പങ്കില്ലായിരുന്നു. എന്നെ പാര്‍ട്ടി മനഃപൂര്‍വം പ്രതിസ്ഥാനത്ത് കുത്തിക്കയറ്റിയതാണ്. ഞാന്‍ ഭയന്നിട്ടാണ് ഇക്കാര്യം ഇത്രയും നാളും പറയാതിരുന്നത്. ഇപ്പോള്‍ മണിക്കെതിരെ പോലീസ് പല നടപടികളും എടുക്കുന്നുണ്ടെന്നറിഞ്ഞു. അതുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ മൊഴി നല്‍കാന്‍ തയ്യാറായത്.
No comments:
Post a Comment