| ഫസല്‍ വധക്കേസില്‍ കാരായി രാജനും കാരായി ചന്ദ്രശേഖരനും, ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പി.കെ. കുഞ്ഞനന്തന്‍... തങ്ങള്‍ക്കു ബന്ധമില്ലെന്നു സി.പി.എം. ആണയിട്ട ഈ കേസുകളില്‍ ശരിക്കും 'കീഴടങ്ങു'ന്നതു പാര്‍ട്ടിതന്നെ. ഇരു കേസുകളിലുമായി പിടിയിലായ മൂവരും പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട സ്‌ഥാനങ്ങള്‍ അലങ്കരിക്കുന്നവര്‍. കാരായി രാജന്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ തലശേരി ഏരിയാ സെക്രട്ടറിയുമാണ്. കാരായി ചന്ദ്രശേഖരന്‍ തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി, കുഞ്ഞനന്തന്‍ പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം. ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്‌റ്റിലായ 47 പേരില്‍ ഒമ്പതുപേര്‍ സി.പി.എമ്മുകാരാണ്. നേരത്തേ അറസ്‌റ്റിലായ കെ.സി. രാമചന്ദ്രന്‍ കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗവും പടയങ്കണ്ടി രവീന്ദ്രന്‍ ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗവും ജ്യോതിബാബു കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മിറ്റി അംഗവുമാണ്. വടക്കേയില്‍ മനോജ്, ഇ.എം. ഷാജി എന്നിവര്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍. എന്‍.ജി.ഒ. യൂണിയന്‍ മുന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും സി.പി.എം. ഒഞ്ചിയം ഏരിയാ സെക്രട്ടറിയുമായ സി.എച്ച്. അശോകനും കമ്മിറ്റി അംഗം കെ.കെ. കൃഷ്‌ണനും തലശേരി ഏരിയാ കമ്മിറ്റി അംഗം പി.പി. രാമകൃഷ്‌ണനും നേരത്തേ അറസ്‌റ്റിലായെങ്കിലും സി.പി.എമ്മിനെ ഏറെ വെട്ടിലാക്കിയതു കുഞ്ഞനന്തന്റെ കീഴടങ്ങല്‍തന്നെ. പോലീസിന്റെ അതിവേഗ അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തുമ്പോള്‍, പറഞ്ഞതെല്ലാം വിഴുങ്ങേണ്ട അവസ്‌ഥയിലാണു പാര്‍ട്ടിനേതൃത്വം. ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പങ്കുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന പോളിറ്റ് ബ്യൂറോ പ്രഖ്യാപനവും നിലവിലിരിക്കേ സംസ്‌ഥാനനേതൃത്വത്തിന്റെ അടുത്ത നീക്കമാണ് ഏവരും ഉറ്റുനോക്കുന്നത്. ചന്ദ്രശേഖരന്‍ വധം കൊടുമ്പിരിക്കൊണ്ടിരിക്കേയാണ്, ആറുവര്‍ഷം പഴക്കമുള്ള തലശേരി മുഹമ്മദ് ഫസല്‍ വധക്കേസില്‍ കാരായിമാരെ സി.ബി.ഐ. കീഴടക്കിയത്. തളിപ്പറമ്പ് അരിയിലെ അബ്‌ദുള്‍ ഷുക്കൂര്‍ വധക്കേസിലാകട്ടെ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ഒരുവട്ടം ചോദ്യംചെയ്യുകയും ടി.വി. രാജേഷ് എം.എല്‍.എയെ ജൂലൈ ഒന്നിനു ചോദ്യം ചെയ്യാനിരിക്കുകയുമാണ്. തൊട്ടടുത്ത ദിവസങ്ങളില്‍ നടന്ന കീഴടങ്ങലുകള്‍ പാര്‍ട്ടി തീരുമാനപ്രകാരമാണെന്ന സൂചന ശക്‌തമാണ്. കുഞ്ഞനന്തന്‍ കണ്ണൂര്‍ സി.പി.എം. ജില്ലാക്കമ്മിറ്റി ഓഫീസില്‍ ഒളിവില്‍ കഴിഞ്ഞതായും സ്‌ഥിരീകരിക്കാത്ത വിവരമുണ്ട്. എന്തു വില കൊടുത്താലും കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും സി.ബി.ഐക്കു വിട്ടുകൊടുക്കില്ലെന്നു പി. ജയരാജന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. കുഞ്ഞനന്തന്‍ പാര്‍ട്ടിയുടെ സംരക്ഷണയിലായിരുന്നെന്ന് സി.പി.എം. കേന്ദ്രക്കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ ചാനലിനോടു പ്രതികരിച്ചതോടെ, നില്‍ക്കക്കള്ളിയില്ലാതാണു നേതാക്കളെ വിട്ടുകൊടുത്തതെന്നുവേണം കരുതാന്‍. ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനില്‍നിന്നു നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന എസ്.പിയുടെ പ്രസ്‌താവനയ്‌ക്കു പിന്നാലെ രണ്ടാംഘട്ട ചോദ്യംചെയ്യലിനു നോട്ടീസ് നല്‍കിയതും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി. ശാരീരികാസ്വാസ്‌ഥ്യം ചൂണ്ടിക്കാട്ടി ജയരാജന്‍ രണ്ടാമതു ഹാജരായില്ല. ഷുക്കൂര്‍ കൊലക്കേസില്‍ അറസ്‌റ്റിലായ അരിയില്‍ ലോക്കല്‍ സെക്രട്ടറി യു.വി. വേണുവാണ് പി. ജയരാജനിലേക്ക് അന്വേഷണം എത്തിക്കുന്ന മൊഴി നല്‍കിയത്. ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ നിര്‍ദേശിച്ചതു കുഞ്ഞനന്തനാണെന്നും ഇതു പി. ജയരാജന്റെ അറിവോടെയാണെന്നും അറസ്‌റ്റിലായ ചിലര്‍ മൊഴി നല്‍കിയിരുന്നു. ചന്ദ്രശേഖരന്‍ വധക്കേസിലും കാരായി രാജനെ അടുത്തദിവസം ചോദ്യംചെയ്യും. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടപ്പോള്‍ പാര്‍ട്ടിയുടെ പങ്കു നിഷേധിച്ച് സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍തന്നെ രംഗത്തുവന്നിരുന്നു. ഒളിവിലായിരുന്ന കുഞ്ഞനന്തന്‍ പാര്‍ട്ടി സഹായത്തോടെയാണു വടകര കോടതിയില്‍ നാടകീയമായി കീഴടങ്ങിയത്. നേതാക്കള്‍ക്കും കൊലയാളി സംഘങ്ങള്‍ക്കും ഒളിത്താവളമൊരുക്കിയ 12 സി.പി.എം. പ്രവര്‍ത്തകരെയും അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. അപ്പോഴെല്ലാം തങ്ങള്‍ക്കു പങ്കില്ലെന്ന പല്ലവി ആവര്‍ത്തിക്കുകയായിരുന്നു പാര്‍ട്ടി. ഗൂഢാലോചനയുടെ മുഖ്യകണ്ണിയെന്നു പോലീസ് വിശേഷിപ്പിക്കുന്ന കുഞ്ഞനന്തന്‍ ഇതുവരെ കണ്ണൂരിലെയും കാസര്‍ഗോട്ടെയും പാര്‍ട്ടി ഗ്രാമങ്ങളിലാണത്രേ ഒളിജീവിതം നയിച്ചത്. ഈ വിവരം പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നുതന്നെ ചോരുകയും അവിടെയെല്ലാം പോലീസ് എത്തുകയും ചെയ്‌തതോടെയാണു പാര്‍ട്ടിയുടെ പ്രതിരോധമിളകിയത്. |
Saturday, June 23, 2012
പങ്കില്ലെന്ന പല്ലവി പങ്കപ്പാടായി; പാര്‍ട്ടിയും 'കീഴടങ്ങുന്നു'
Subscribe to:
Post Comments (Atom)
No comments:
Post a Comment