Friday, June 1, 2012

വിധവയുടെ വെളിപ്പെടുത്തല്‍ :'മത്തായി വധക്കേസ്‌ അട്ടിമറിച്ചത്‌ കെ.കെ. ജയചന്ദ്രനും ചേര്‍ന്ന്‌ '


 മുള്ളന്‍ചിറ മത്തായി വധക്കേസ്‌ അന്വേഷണത്തില്‍ മത്തായിയുടെ ഭാര്യയും ബന്ധുക്കളും സഹകരിച്ചിരുന്നില്ലെന്ന മുന്‍ എസ്‌.പിയുടെ വെളിപ്പെടുത്തലിനെതിരേ മത്തായിയുടെ വിധവ മറിയം രംഗത്ത്‌. തങ്ങള്‍ അന്വേഷണവുമായി സഹകരിച്ചിരുന്നെന്നും സി.പി.എം. നേതാക്കളായ കെ.കെ. ജയചന്ദ്രനും ഒ.ജി. മദനനും ചേര്‍ന്ന്‌ കേസ്‌ അട്ടിമറിക്കുകയായിരുന്നെന്നും മറിയം 'മംഗള'ത്തോടു പറഞ്ഞു. പോലീസ്‌ ഇതിനു കൂട്ടുനിന്നു.

മത്തായിയുടെ കൊലപാതകത്തില്‍ സി.പി.എം. നേതാക്കളുടെ പങ്ക്‌ പോലീസ്‌ അറിഞ്ഞിരുന്നെന്നും എന്നാല്‍ അന്വേഷണത്തില്‍ മറിയവും ബന്ധുക്കളും സഹകരിച്ചില്ലെന്നും അന്ന്‌ ഇടുക്കി എസ്‌.പിയായിരുന്ന മാത്യു തോമസ്‌ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, എസ്‌.പിയെ കീഴുദ്യോഗസ്‌ഥര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും തങ്ങള്‍ അന്വേഷണവുമായി സഹകരിച്ചിരുന്നെന്നും മറിയം പറഞ്ഞു. ''ഇപ്പോഴത്തെ എം.എല്‍.എ. ജയചന്ദ്രനും മദനനും ചേര്‍ന്നാണു കേസ്‌ അട്ടിമറിച്ചത്‌. കൊലപാതകം ആസൂത്രണം ചെയ്‌തതില്‍ ഇവര്‍ക്കു പങ്കുണ്ടോയെന്ന സംശയവും അന്വേഷണസംഘത്തോടു പറഞ്ഞിട്ടുണ്ട്‌. പോലീസുമായി ചേര്‍ന്ന്‌ സാക്ഷികളെ കൂറുമാറ്റുകയാണു നേതാക്കള്‍ ചെയ്‌തത്‌.

മത്തായിയുടെ സഹോദരന്‍മാരെപ്പോലും ഭീഷണിപ്പെടുത്തി കൂറുമാറ്റി. മത്തായിയെ കൊന്നശേഷവും ദ്രോഹം തുടര്‍ന്നു. പന്ത്രണ്ടും പതിനാലും വയസുള്ള മക്കളുമായി വീടു വിട്ടിറങ്ങണമെന്ന്‌ ആവശ്യപ്പെട്ടു. കൂലിവേല ചെയ്യാന്‍പോലും അനുവദിച്ചില്ല. സാക്ഷികള്‍ കോടതിയില്‍ പോയിരുന്നതു പ്രതികളുടെ ചെലവിലാണ്‌. കോണ്‍ഗ്രസുകാരും രക്‌തസാക്ഷിയെ കിട്ടിയതോടെ ഞങ്ങളെ മറന്നു''- മറിയം പറഞ്ഞു. കേസ്‌ പുനരന്വേഷിക്കുന്ന സംഘം കഴിഞ്ഞദിവസം മറിയത്തിന്റെ മൊഴി എടുത്തിരുന്നു.

ചായക്കടയില്‍ ഗൂഢാലോചന നടന്നെന്നു മൊഴി

ഇടുക്കി: മുളളന്‍ചിറ മത്തായിയെ വധിക്കുന്നതിനായി രാജകുമാരി മേഖലയിലെ ഒരു ചായക്കടയില്‍ ഗൂഢാലോചന നടന്നതായി അന്വേഷണ സംഘത്തിനു മൊഴി ലഭിച്ചു. ചായക്കട നടത്തിയിരുന്നയാളുടെ മകനാണു പ്രത്യേക അന്വേഷണസംഘത്തിനു മൊഴി നല്‍കിയത്‌. മത്തായിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ ഇന്നലെ അന്വേഷണസംഘം രാജകുമാരിയിലുളള പ്രതികളുടേയും സാക്ഷികളുടേയും മൊഴിയാണ്‌ എടുത്തത്‌. ആറു പ്രതികളുടേയും അഞ്ചു സാക്ഷികളുടേയും വീട്ടില്‍ ഇന്നലെ സംഘത്തില്‍പ്പെട്ട സി.ഐമാരുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നു. പ്രതികളില്‍ മൂന്നു പേര്‍ മരിച്ചു. കപ്യാരുമലയില്‍ കുഞ്ഞ്‌, ചേലക്കാട്ട്‌ കുര്യന്‍ എന്നിവരില്‍ നിന്നും ഉദ്യോഗസ്‌ഥര്‍ മൊഴിയെടുത്തു. സാക്ഷികളായ മീമ്പളളില്‍ കുര്യാച്ചന്‍, അന്നത്തെ കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എന്‍.സി ഏലിയാസ്‌, പനയക്കുന്നേല്‍ ജോര്‍ജ്‌ എന്നിവരേയും ചോദ്യം ചെയ്‌തു. ഇവര്‍ സംഭവത്തിനു ദൃക്‌സാക്ഷികളായിരുന്നു. ജോര്‍ജ്‌ കൂറുമാറി പ്രതിഭാഗം ചേര്‍ന്നിരുന്നു.

അഞ്ചേരി ബേബി വധവുമായി ബന്ധപ്പെട്ട്‌ മേലേചെമ്മണ്ണാറിലും തെളിവെടുപ്പു നടന്നു. മുട്ടുകാട്‌ നാണപ്പന്‍ വധവുമായി ബന്ധപ്പെട്ടവരേയും ചോദ്യം ചെയ്‌തിട്ടുണ്ട്‌. കാഞ്ഞാര്‍, രാമപുരം, ദേവികുളം സി.ഐമാരുടെ നേതൃത്വത്തിലാണു തെളിവെടുപ്പു നടന്നത്‌.

No comments: