സ്വര്‍ണത്തിനും പണത്തിനുമായി സ്‌നേഹിച്ച് വിവാഹിതരായ യുവാവിനെയും യുവതിയെയും യുവതിയുടെ അച്ഛനെയും മുരുഗന്‍ കൊലപ്പെടുത്തിയെന്ന് ഭാര്‍ഗവി മെയ് 28-ന് സ്വകാര്യ ടി.വി. ചാനലിന്റെ 'സൊല്ലുവതല്ലാം ഉന്‍മൈ'എന്ന പരിപാടിയില്‍ വ്യക്തമാക്കിയിരുന്നു. 2008-ലായിരുന്ന ആ സംഭവം.
ഭാര്‍ഗവി പറഞ്ഞതിങ്ങനെ: പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ താന്‍ സതീഷ് എന്ന യുവാവിനെ സ്‌നേഹിച്ച് വിവാഹം കഴിച്ചു. എന്നാല്‍ മുരുഗന്‍ വിവാഹത്തെ അംഗീകരിച്ചില്ല. മാത്രമല്ല നാലുവര്‍ഷം മുമ്പ് മൂന്ന് പേരെ കൊലപ്പെടുത്തി വീട്ടിന് പിറകില്‍ കുഴിച്ചിട്ടതുപോലെ തന്നേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ബന്ധുവായ ശേഖര്‍, മകള്‍ ലാവണ്യ, ലാവണ്യയുടെ ഭര്‍ത്താവ് ചിലമ്പരസന്‍ എന്നിവരെ കൊലപ്പെടുത്തിയ ശേഷം മുരുഗന്‍ വീടിന്റെ പിറകില്‍തന്നെ കുഴിച്ചിടുകയായിരുന്നു. ലാവണ്യയും ചിലമ്പരസനും സ്‌നേഹിച്ചാണ് വിവാഹം കഴിച്ചത്. ചിലമ്പരസന്റെ വീട്ടുകാര്‍ വിവാഹത്തെ ശക്തമായെതിര്‍ത്തിരുന്നു. അതിനാല്‍ ചിലമ്പരസന്റെയും ലാവണ്യയുടെയും സുരക്ഷയ്ക്കായി രണ്ടുപേരേയും ശേഖര്‍, മുരുഗന്റെ വീട്ടില്‍ താമസിപ്പിച്ചു. ലാവണ്യ എറെ സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞിരുന്നു. ചിലമ്പരസന്റെ കൈയില്‍ ഏറെ പണവുമുണ്ടായിരുന്നു. പണത്തിലും സ്വര്‍ണത്തിലും ആര്‍ത്തിപൂണ്ട മുരുഗന്‍ രണ്ടുപേരേയും കൊലപ്പെടുത്തി അവ കൈക്കലാക്കി. രണ്ടുപേരേയും വീട്ടിന് പിറകില്‍തന്നെ കൂഴിച്ചിട്ടു. ശേഖര്‍ എതാനും ദിവസം കഴിഞ്ഞ് മുരുഗന്റെ വീട്ടിലെത്തിയപ്പോള്‍ രണ്ടു പേരേയും കാണാനുണ്ടായിരുന്നില്ല. രണ്ടുപേരും എവിടെയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി മുരുഗന്റെ ഭാഗത്തുനിന്നുണ്ടാകാത്തതിനാല്‍ ഇതേച്ചൊല്ലി തര്‍ക്കമുണ്ടായി. ഇതിനിടയില്‍ ശേഖറിന് വിഷം കലര്‍ത്തിയ ശീതളപാനീയം നല്‍കി. ശേഖര്‍ വീട്ടില്‍തന്നെ കഴഞ്ഞുവീണ് മരിച്ചു. പിന്നീട് ശേഖറിനെയും വീടിന് പിറകില്‍തന്നെ കുഴിച്ചുമൂടുകയും ചെയ്തു. മുരുഗന്‍ ഇക്കാര്യം പറഞ്ഞ് ഇടയ്ക്കിടെ തന്നെ ഭീഷണിപ്പെടുത്താറുണ്ടെന്നും അതിനാല്‍ ടെലിവിഷന്‍ ചാനല്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നുമായിരുന്നു അഭ്യര്‍ഥന.
ടെലിവിഷന്‍ ചാനല്‍ പരിപാടി ഷൂട്ട് ചെയ്യുന്നത് കാണാന്‍ മുരുഗനും ഭാര്യ രാജേശ്വരിയും എത്തിയിരുന്നു. ഭാര്‍ഗവി ഇക്കാര്യം പറഞ്ഞയുടനെ മുരുഗന്‍ ക്ഷോഭിച്ചിരുന്നു. ഷൂട്ടിങ്ങിനിടയില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നതില്‍ നിന്ന് ഭാര്‍ഗവിയെ തടസ്സപ്പെടുത്താനും ശ്രമം നടന്നു. പരിപാടി കഴിഞ്ഞയുടനെ മുരുഗനും രാജേശ്വരിയും പുറത്തേക്ക് പോയി. ഭാര്‍ഗവി വീട്ടിലേക്ക് പോകാന്‍ കൂട്ടാക്കിയില്ല. മെയ് 28-ന് പടിപാടി സംപ്രേഷണം ചെയ്തതോടെ മുരുഗനും രാജേശ്വരിയും ഒളിവില്‍ പോയി. എന്നാല്‍ രാജേശ്വരിയെ പോലീസ് പിടികൂടി വിഴുപുരത്തു വെച്ച് ചോദ്യം ചെയ്തു വരികയാണ്.
ശേഖറിനേയും മറ്റ് രണ്ടുപേരേയും കാണാതായ സമയത്ത് ഭാര്യ ജീവ പോലീസില്‍ പരാതി നല്‍കിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ചിലമ്പരസന്റെ വീട്ടില്‍ നിന്ന് എതിര്‍പ്പുള്ളതിനാല്‍ മൂന്നുപേരും എവിടെയെങ്കിലും സുഖമായി ജീവിക്കുന്നുണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ടി.വി. പരിപാടി കണ്ടപ്പോഴാണ് സത്യം മനസ്സിലായതെന്നും ജീവ പറയുന്നു.
ടെലിവിഷന്‍ ചാനലിന്റെ പരിപാടി കണ്ടയുടനെ ശേഖറിന്റെ ഭാര്യ വിഴുപുരം ടൗണ്‍ പോലീസില്‍ പരാതി നല്‍കി. ജീവ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ മുരുഗന്റെ വീടിനുപുറകില്‍ കുഴിച്ചപ്പോള്‍ സ്ത്രീയുടെയും രണ്ടു പുരുഷന്മാരുടെയും അസ്ഥികൂടങ്ങള്‍ കണ്ടെടുത്തു. അസ്ഥികൂടങ്ങള്‍ പോലീസ് സൂപ്പര്‍ ഇംപോസിഷന്‍ പരിശോധനയ്ക്കായി ചെങ്കല്‍പ്പെട്ട് ഗവണ്‍മെന്‍റ് ആസ്പത്രിയിലേക്ക് അയച്ചിട്ടുണ്ട്.
അതേ സമയം മൂന്നുപേരുടേയും കൊല നടക്കുമ്പോള്‍ അമ്മ രാജേശ്വരിയും വീട്ടിലുണ്ടായിരുന്നെന്നും എന്നാല്‍ രാജേശ്വരി കൊലപാതകത്തെ എതിര്‍ത്തിരുന്നില്ലെന്നും ഭര്‍ഗവി പോലീസിന് മൊഴി നല്‍കി. ഭാര്‍ഗവിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് രാജേശ്വരിയുടെ പേരിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലപാതകം നടത്താന്‍ മുരുഗനെ മൂര്‍ത്തിയെന്നയാള്‍ സഹായിച്ചിരുന്നെന്നും അയാള്‍ മരിച്ചുപോയെന്നും പോലീസ് പറഞ്ഞു.
No comments:
Post a Comment