സിഗരറ്റ് വലിക്കുമ്പോള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ രണ്ട് പ്രശ്‌നങ്ങള്‍ അതിന്റെ പുകയും ഗന്ധവുമാണ്. മുതിര്‍ന്നവരെയോ അധ്യാപകരെയോ കണ്ടാല്‍ സിഗരറ്റും കൊണ്ട് മുങ്ങാന്‍ മിക്കവര്‍ക്കും കഴിയാറില്ല. പുകയോ മണമോ അതിന് തടസമാകാറാണ് പതിവ്. എന്നാല്‍ ഇത്തരം തടസങ്ങള്‍ ഇനിയുണ്ടാകില്ല എന്ന പ്രഖ്യാപനവുമായി വന്ന ഇ-സിഗരറ്റുകള്‍ കേരളത്തില്‍ പിടിമുറുക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ പ്രത്യേകിച്ച് തിരുവനന്തപുരത്ത് ഇ സിഗരറ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡ് ആണത്രേ. ഇനി എന്താണ് ഇ-സിഗരറ്റുകള്‍ എന്ന് നോക്കാം.
വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സിഗരറ്റുകളാണ് ഇ-സിഗരറ്റുകള്‍. സാധാരണ സിഗരറ്റിന്റെ ആകൃതിയിലാണ് മോഡലുകളിലധികവും. വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്ക് സാധനം പേനയുടെ രൂപത്തിലോ, പെന്‍ഡ്രൈവിന്റെ രൂപത്തിലോ കിട്ടും. പുകയിലയ്ക്ക് പകരം ലിക്വിഡാണ് ഉപയോഗിക്കുന്നത്. ഇത് ചൂടാകുമ്പോള്‍ ഉണ്ടാകുന്ന ബാഷ്പീകരണത്തിലൂടെ സിഗരറ്റ് വലിക്കുമ്പോഴുണ്ടാകുന്ന അനുഭൂതി ലഭിക്കുന്നു. പുകയും ഉണ്ടാകില്ല. നിരവധി രുചികളിലും ഇത് ലഭ്യമാണ്. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ക്ക് സിഗരറ്റിന്റെ മണവുമടിക്കില്ല.
നാല് ഭാഗങ്ങളായാണ് ഇ-സിഗരറ്റുണ്ടാവുക. എല്‍.ഇ.ഡി ലൈറ്റ് കവറാണൊന്ന്. ഇത് സാധാരണ സിഗരറ്റ് കത്തുന്നതുപോലെ തന്നെ ഒരു പ്രകാശമുണ്ടാക്കുന്നു. ബാറ്ററിയാണ് മറ്റൊരു ഭാഗം. ലിക്വിഡ് ഉള്‍ക്കൊള്ളുന്നതാണ് മൂന്നാമത്തെ ഭാഗം. നാലാമത്തെ ഭാഗം ചുണ്ടില്‍ വെക്കുന്ന മൗത്ത് പീസാണ്. നാല് ഭാഗങ്ങളായി ഊരിയെടുക്കാവുന്ന ഇതില്‍ ബാറ്ററിയുടെ ഭാഗം ഊരിയാണ് ചാര്‍ജ്ജ് ചെയ്യുന്നത്. ഇ-സിഗരറ്റുകള്‍ വാങ്ങുമ്പോള്‍ ഉപയോഗിക്കേണ്ട രിതി പ്രദിപാദിച്ചിട്ടുള്ള ഗൈഡും ബാറ്ററി ചാര്‍ജ്ജറും നമുക്കു കിട്ടുന്നു.
സാധാരണ സിഗരറ്റു വലിക്കുമ്പോഴുണ്ടാകുന്ന പാസീവ് സ്‌മോക്കിംഗ് പ്രോബ്ലം ഇ-സിഗരറ്റുകള്‍ക്കില്ല എന്നതാണ് ഇതിനെ ഇഷ്ടപ്പെടുന്ന ആളുകള്‍ ഉയര്‍ത്തുന്ന പ്രധാന വാദം. മാത്രവുമല്ല, ' നാച്ചുറലാണ്' എന്ന വാദവും ഇത്തരക്കാര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ എഫ്.ഡി.എ (ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ) പഠനങ്ങളില്‍ സാധാരണ സിഗരറ്റുകളെക്കാള്‍ നല്ലതാണെന്നു പറയുന്നുണ്ടെങ്കിലും ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് തരുന്നുണ്ട്. ആരോഗ്യപരമാണ് എന്ന പ്രചരണത്തെ നിഷേധിക്കുന്നതാണ് എഫ്.ഡി.എ യുടെ മുന്നറിയിപ്പ്. കൂടുതല്‍ ആധികാരികമായ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്.
പുകയില്ലാത്ത അടുപ്പുകള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച മലയാളി പുകയില്ലാത്ത സിഗരറ്റുകളെ എങ്ങിനെ സ്വീകരിക്കുമെന്ന് സംശയിക്കേണ്ടതില്ലല്ലോ. പുകയും സിഗരറ്റിന്റെ സാധാരണ മണവുമില്ലാതിരിക്കാന്‍ തന്നെയായിരിക്കും മലയാളിയും ആഗ്രഹിക്കുക. 100 രൂപ മുതല്‍ തുടങ്ങുന്ന ഇ- സിഗരറ്റുകള്‍ വിപണികളില്‍ ലഭ്യമാണ്.
No comments:
Post a Comment