Monday, June 4, 2012

വനിതാ എം.എല്‍.എയുടെ രണ്ടാം കല്യാണം: അസമില്‍ രാഷ്‌ട്രീയ വിവാദം


വിവാഹബന്ധം നിലനില്‍ക്കെ വനിതാ എം.എല്‍.എ. മതംമാറി രണ്ടാം വിവാഹം കഴിച്ചതിനെച്ചൊല്ലി അസമില്‍ രാഷ്‌ട്രീയ വിവാദം. മതംമാറ്റത്തിനു സഹായിച്ചെന്നാരോപിച്ച്‌ മന്ത്രിമാര്‍ തമ്മില്‍ കലഹം. രണ്ടാം വിവാഹം അസാധുവാക്കണമെന്നും എം.എല്‍.എയ്‌ക്ക് അയോഗ്യത കല്‍പിക്കണമെന്നും ആവശ്യപ്പെട്ട്‌ അഭിഭാഷക സംഘടന രംഗത്ത്‌. ഒരു മാസം മുമ്പ്‌ 'അപ്രത്യക്ഷയായ' ഡോ. റൂമി നാഥ്‌ ഗുവാഹത്തിയില്‍ തിരിച്ചെത്തിയതോടെയാണു വിവാദം ശക്‌തമായത്‌. റബിയാ സുല്‍ത്താന എന്ന പേരിലാണ്‌ രണ്ടു വയസുകാരിയുടെ അമ്മയും ഡോക്‌ടറുമായ റൂമി നാഥ്‌ തിരിച്ചെത്തിയത്‌.

ഡോ. രാകേഷ്‌ സിംഗാണ്‌ റൂമിയുടെ ഭര്‍ത്താവ്‌. ഈ ബന്ധം നിലനില്‍ക്കെ ഏപ്രില്‍ 13 ന്‌ ഇരുപത്തൊമ്പതുകാരനായ ജാക്കി സാക്കിറുമായി നിക്കാഹ്‌ നടന്നെന്നു റൂമിയുടെ ഫേസ്‌ബുക്ക്‌ പേജില്‍ രേഖപ്പെടുത്തി. അക്കൗണ്ട്‌ ഹാക്ക്‌ ചെയ്യപ്പെട്ടതാണെന്നും വിവാഹവാര്‍ത്ത വ്യാജമാണെന്നും അവകാശപ്പെട്ടതിനു പിന്നാലെയാണ്‌ മേയ്‌ 22 ന്‌ അവര്‍ അപ്രത്യക്ഷയായത്‌.

തട്ടിക്കൊണ്ടു പോയതാണെന്ന അഭ്യൂഹം പരന്നതിനു പിന്നാലെ ഫേസ്‌ബുക്കിലൂടെത്തന്നെ അവര്‍ വിവാഹവാര്‍ത്ത സ്‌ഥിരീകരിച്ചു. ബോര്‍ഡര്‍ ഡവലപ്‌മെന്റ്‌ മന്ത്രി സിദ്ദിഖ്‌ അഹമ്മദാണു വിവാഹത്തിനു രണ്ടു കാസിമാരെ എത്തിച്ചുതന്നതെന്നും അവരുടേതായി പുറത്തുവന്ന വീഡിയോ ദൃശ്യത്തിലുണ്ടായിരുന്നു. എന്നാല്‍ സിദ്ദിഖ്‌ അഹമ്മദ്‌ ഇക്കാര്യം നിഷേധിച്ചു. വധൂവരന്മാരോടൊപ്പം താന്‍ നില്‍ക്കുന്ന ചിത്രം വ്യാജമാണെന്നും സിദ്ദിഖ്‌ പറയുന്നു.

റൂമി തിരിച്ചെത്തിയതോടെയാണ്‌ ആരോഗ്യമന്ത്രി ഗൗതം റോയി മന്ത്രി സിദ്ദിഖിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്‌. റൂമി വിവാഹിതയാണെന്ന്‌ അറിഞ്ഞിരുന്നില്ലെന്നും സിദ്ദിഖ്‌ വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നെന്നും കാസി നസ്‌റുള്‍ ഇസ്ലാം വ്യക്‌തമാക്കിയതോടെ വിവാദം കത്തിപ്പടര്‍ന്നു.

വിവാഹം നിയമവിരുദ്ധമാണെന്നും റൂമിയുടെ നിയമസഭാംഗത്വം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട്‌ അഖില ഭാരതീയ അധിവക്‌താ പരിഷത്തിന്റെ നേതൃത്വത്തില്‍ അഭിഭാഷകര്‍ രംഗത്തെത്തിയതോടെ വിവാദത്തിനു രാഷ്‌ട്രീയ മാനവുമായി. രാഷ്‌ട്രീയ സമ്മര്‍ദമാണു സാക്കിറുമായുള്ള വിവാഹത്തിനു പിന്നിലെന്നും ആരോപണമുണ്ട്‌. 2006 ല്‍ ബി.ജെ.പി. ടിക്കറ്റില്‍ വിജയിച്ച റൂമി പിന്നീടു കോണ്‍ഗ്രസിലേക്കു കൂറുമാറുകയായിരുന്നു.

നാലു വര്‍ഷം മുമ്പ്‌ ഹരിയാന ഉപമുഖ്യമന്ത്രി ചന്ദ്രമോഹന്‍ ചാന്ദ്‌ മുഹമ്മദ്‌ എന്നു പേരുമാറ്റി അഭിഭാഷകയായ അനുരാധാ ബാലി എന്ന ഫിസയെ വിവാഹം ചെയ്‌തതു വിവാദമായിരുന്നു. പിന്നീടു വേര്‍പിരിഞ്ഞും ഇവര്‍ വാര്‍ത്ത സൃഷ്‌ടിച്ചിരുന്നു.

No comments: