Thursday, June 7, 2012

ഒരാണ്ട്‌ കാത്തശേഷം കോട്ടമുറി പടിയിറങ്ങുന്നു


സി.പി.എമ്മില്‍ നേതൃപദവി നഷ്‌ടമാകുന്ന ഗോപി കോട്ടമുറിക്കലിനൊപ്പം ലെനിന്‍ സെന്ററില്‍നിന്നു വിഭാഗീയതയ്‌ക്കു പടിയിറക്കമുണ്ടാകില്ല. രൂക്ഷമായ ചേരിതിരിവിനു സി.പി.എമ്മില്‍ എന്നും ശ്രദ്ധാകേന്ദ്രമായ എറണാകുളം കമ്മിറ്റിയില്‍ അടുത്ത പൊട്ടിത്തെറി എപ്പോഴുണ്ടാകുമെന്നാണ്‌ ഇരുവിഭാഗവും ഉറ്റുനോക്കുന്നത്‌.

ഗോപി കോട്ടമുറിക്കലിനെതിരേയുള്ള നടപടിയില്‍ വി.എസ്‌. പക്ഷം ആഹ്‌ളാദത്തിലാണെങ്കിലും സംസ്‌ഥാന നേതൃത്വത്തിന്റെ വക തിരിച്ചടി എപ്പോള്‍ വേണമെങ്കിലും ഉണ്ടായേക്കാമെന്ന ആശങ്ക ജില്ലയില്‍ മേധാവിത്തമുള്ള വി.എസ്‌. ഗ്രൂപ്പിനുണ്ട്‌.

ജില്ലാ ആസ്‌ഥാനമായ ലെനിന്‍ സെന്ററില്‍നിന്ന്‌ ഒളികാമറ പകര്‍ത്തിയെടുത്ത ദൃശ്യങ്ങളുടെ തെളിവാണ്‌ ഗോപിയുടെ കാര്യത്തില്‍ സംസ്‌ഥാന നേതൃത്വത്തെ മുട്ടുകുത്തിച്ചത്‌. ഇക്കാര്യം അന്വേഷിച്ച കേന്ദ്രകമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെടുന്ന കമ്മിഷന്‌ ഈ തെളിവുകള്‍ കൈമാറിയതോടെ പഴയഗ്രൂപ്പുകാരന്റെ പെട്ടിയില്‍ വി.എസ്‌. പക്ഷം അവസാന ആണി അടിച്ചിരുന്നു.

എന്നാല്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒളികാമറ ഓപ്പറേഷനു നേതൃത്വം കൊടുത്ത ഓഫീസ്‌ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള വി.എസ്‌. പക്ഷക്കാര്‍ക്കെതിരേ നടപടിവേണമെന്ന ഉറച്ച നിലപാടിലാണു ജില്ലയിലെ ഔദ്യോഗിക വിഭാഗം.

ഉപതെരഞ്ഞെടുപ്പുകളുടെ പശ്‌ചാത്തലത്തില്‍ പരിഗണിക്കാന്‍ വൈകിയ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ ഒരു വര്‍ഷത്തോളം പിന്നിട്ടശേഷമാണ്‌ ഇപ്പോള്‍ ചര്‍ച്ചയ്‌ക്കെടുത്തത്‌. സദാചാരലംഘനം ഉന്നയിക്കപ്പെട്ട കണ്ണൂരിലെ പ്രബലനും ജില്ലാ സെക്രട്ടറിയുമായിരുന്ന പി. ശശി പുറത്താക്കപ്പെടുന്നതിനു തൊട്ടു പിന്നാലെയാണു സമാനമായ രീതിയില്‍ എറണാകുളത്തു ഗോപിയും വീണത്‌.

ജില്ലയിലെ പാര്‍ട്ടി അനുഭാവിയും അഭിഭാഷക സംഘടനാ പ്രവര്‍ത്തകയുമായ യുവതിയുമായി അവിഹിതബന്ധം പുലര്‍ത്തുന്നുവെന്ന പരാതി വി.എസ്‌. വിഭാഗം സംസ്‌ഥാന നേതൃത്വത്തിനു കൈമാറുകയായിരുന്നു.

ആരോപണം ആദ്യം നിഷേധിച്ചെങ്കിലും ഒളികാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കൈമാറിയതോടെ അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിച്ച സംഘടനാ നേതൃത്വം ജില്ലാ സെക്രട്ടറി സ്‌ഥാനത്തുനിന്നു കോട്ടമുറിയെ നീക്കി. കഴിഞ്ഞ ഓഗസ്‌റ്റിലായിരുന്നു ഈ നടപടി. തുടര്‍ന്നു ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല ഏറ്റെടുത്ത സംസ്‌ഥാന സെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദനാണ്‌ ഇപ്പോഴും എറണാകുളത്തെ ജില്ലാ സെക്രട്ടറി.

ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോഴും കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ വോട്ടെടുപ്പിലൂടെ ഗോപി കോട്ടമുറിക്കല്‍ ജില്ലാ കമ്മിറ്റിയിലെത്തിയിരുന്നു. സി.പി.എം. സംസ്‌ഥാന സമ്മേളനത്തില്‍ പ്രതിനിധിയായിരുന്നെങ്കിലും പുതിയ സംസ്‌ഥാന സമിതിയുടെ പാനലില്‍നിന്നു കോട്ടമുറിയെ ഒഴിവാക്കിയിരുന്നു.

കോഴിക്കോട്‌ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലും പ്രതിനിധിയായി കോട്ടമുറി സാന്നിധ്യം അറിയിച്ചിരുന്നു.

No comments: