കേരളക്കരയിലാകെ എന്ന മട്ടില്‍ പത്രഏജന്റുമാര്‍ തുടങ്ങിവച്ച സമരംഅതിന്റെ രണ്ടാം വാരത്തിലേക്കു കടക്കുകയാണ്. ഇനിയും പത്രഉടമകള്‍ സമരത്തോട് അനുഭാവപൂര്‍വമായ ഒരു നിലപാടു സ്വീകരിച്ചിട്ടില്ല എന്നു മാത്രമല്ല, തീര്‍ത്തും ഉദാസീനമായ മുഖമാണ് അതിനോടു ദീക്ഷിച്ചിട്ടുള്ളത്. ഇതിനിടെ, പത്രവിതരണത്തിന് സവിശേഷമായ ചില സമാന്തരസാദ്ധ്യതകള്‍ ഉടമകള്‍ ആരായുന്നുമുണ്ട്. ഇതെല്ലാം ചേര്‍ന്ന് ഒരു വിചിത്രസങ്കീര്‍ണമായ സാമൂഹികാവസ്ഥ സൃഷ്ടിക്കപ്പെടുന്നുമുണ്ട്. ഇവ വിശകലനംചെയ്യേണ്ടത് അത്യാവശ്യമായി മാറുന്നു.
കേരളത്തില്‍ ഒരു ഡസനില്‍ക്കുറയാത്ത പ്രമുഖപത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ മലയാളമനോരമയും മാതൃഭൂമിയുമാണ്. ഇവയ്ക്കു തൊട്ടുപിന്നാലെ, മാധ്യമം, കേരള കൌമുദി, ദേശാഭിമാനി, മംഗളം, ദീപിക എന്നിവയും അതിനുശേഷം വീക്ഷണവും ചന്ദ്രികയും മുതല്‍ വര്‍ത്തമാനം വരെയുള്ള പത്രങ്ങളുമുണ്ട്. ഈ പത്രങ്ങളുടെ അടിസ്ഥാനപരമായ ഭാവവും രീതിയും മനുഷ്യാവകാശസംരക്ഷകരെന്ന നിലയിലാണ്. പ്രചോദനാത്മകവും ഊര്‍ജസ്വലവുമായ പ്രതിപക്ഷസ്വഭാവം ദീക്ഷിച്ചുകൊണ്ട് ജനാധിപത്യത്തിന്റെ നാലാംനെടുന്തൂണായി പ്രവര്‍ത്തിക്കുന്നു എന്ന ഭാവവും ഇവ പുലര്‍ത്തിപ്പോരുന്നു. വീക്ഷണത്തിലും രാഷ്ട്രീയത്തിലും ആദര്‍ശത്തിലും പരസ്പരം പോരാടുന്നവയാണെങ്കിലും മേല്‍പ്പറഞ്ഞ പത്രഗുണങ്ങളെല്ലാം തങ്ങള്‍ സമ്പൂര്‍ണമായി ഉയര്‍ത്തിപ്പിടിക്കുന്നു എന്ന ഭാവമാണ് മലയാളത്തിലെ പ്രധാനപ്പെട്ട പത്രങ്ങളെല്ലാം തന്നെ പ്രദര്‍ശിപ്പിക്കുന്നത്.
"ജേണലിസ്റ്റുകളായി തൊഴിലെടുക്കുന്നവര്‍ക്കുപോലും വളരെ നാമമാത്രമായ വേതനം നല്കിക്കൊണ്ടും കരാര്‍ തൊഴിലിനെ ഏറ്റവും നിരുത്തരവാദപരമായി പോഷിപ്പിച്ചുകൊണ്ടും അക്ഷരാര്‍ത്ഥത്തില്‍ തോന്ന്യാസം തന്നെയാണ് ഈ പത്രമുതലാളിമാരില്‍ മിക്കവരും നടത്തുന്നത്. സത്യം പുറത്തുവരാന്‍ തുടങ്ങിയതോടെ ഇവയുടെ മനുഷ്യാവകാശധ്വംസനമുഖം കുറച്ചുനാളായി തെളിഞ്ഞുവരുന്നുണ്ട്."
ജേണലിസ്റ്റുകളായി തൊഴിലെടുക്കുന്നവര്‍ക്കുപോലും വളരെ നാമമാത്രമായ വേതനം നല്കിക്കൊണ്ടും കരാര്‍ തൊഴിലിനെ ഏറ്റവും നിരുത്തരവാദപരമായി പോഷിപ്പിച്ചുകൊണ്ടും അക്ഷരാര്‍ത്ഥത്തില്‍ തോന്ന്യാസം തന്നെയാണ് ഈ പത്രമുതലാളിമാരില്‍ മിക്കവരും നടത്തുന്നത്. സത്യം പുറത്തുവരാന്‍ തുടങ്ങിയതോടെ ഇവയുടെ മനുഷ്യാവകാശധ്വംസനമുഖം കുറച്ചുനാളായി തെളിഞ്ഞുവരുന്നുണ്ട്.
പൊതുകാര്യങ്ങളില്‍ ഇടപെടുമ്പോഴുള്ള പത്രമാദ്ധ്യമങ്ങളുടെ സ്വജനപക്ഷപാതവും നിക്ഷിപ്തതാല്പര്യങ്ങളും ഇവയുടെ രാക്ഷസീയമുഖവും അതിന്റെ ദംഷ്ട്രകളും പണ്ടേ പുറത്താക്കിയിട്ടുള്ളതാണെങ്കിലും തൊഴിലാളികളോട് അടിമയുടമബന്ധം സൂക്ഷിച്ചുകൊണ്ട് തനി ഫ്യൂഡല്‍ പാരമ്പര്യത്തെയും കുടുംബവാഴ്ചയെയുമാണ് പല പത്രങ്ങളും തങ്ങളുടെ രീതിയായി സ്വീകരിച്ചിരിക്കുന്നതെന്ന സത്യം ഈയിടെയാണ് പുറത്തുവന്നു തുടങ്ങുന്നത്. മനോരമ,മാതൃഭൂമി തുടങ്ങിയ ചുരുക്കം ചില പത്രങ്ങള്‍ മാത്രമാണ് നല്ല വേതനം തൊഴിലാളികള്‍ക്കു നല്കുന്നത്. ഈ രണ്ടു പത്രങ്ങളൊഴിച്ചുള്ളവ ട്രെയിനികളായി എടുക്കുന്ന കരാര്‍ തൊഴിലാളികള്‍ക്ക് പത്തുവര്‍ഷം മുന്‍പ് കൊടുത്തിരുന്ന തുക ആയിരത്തിയഞ്ഞൂറിനും നാലായിരത്തിനും ഇടയിലായിരുന്നു. ഇപ്പോഴത് അയ്യായിരം മുതല്‍ എണ്ണായിരം
വരെയായിട്ടുണ്ടെന്നു കേള്‍ക്കുന്നു.
വരെയായിട്ടുണ്ടെന്നു കേള്‍ക്കുന്നു.
എന്നാലും ഒരു ദിവസക്കൂലിത്തൊഴിലാളിക്ക് ദിവസം അഞ്ഞൂറു രൂപ വരുമാനമുള്ളപ്പോഴാണ് പത്രപ്രവര്‍ത്തകരും മനുഷ്യാവകാശപ്രശ്നങ്ങളില്‍ തൂലികയേന്തേണ്ടുന്നവരുമായ ആളുകള്‍ക്ക് നേരാംവണ്ണം അന്നമുണ്ണാനാവശ്യമായ വേതനം പോലും നല്കാതെ പീഡിപ്പിക്കുന്നത്. ഇതിനുപുറമേയാണ് ജോലിസ്ഥിരതയില്ലായ്മ. മുതലാളിമാര്‍ തൊട്ട്, തൊട്ടുമുന്നിലുള്ള മേലുദ്യോഗസ്ഥന്‍ വരെയുള്ളവരുടെ പീഡനങ്ങള്‍ സഹിച്ചും അവരുടെയൊക്കെ വൃത്തികെട്ട ഈഗോകളെ സംതൃപ്തിപ്പെടുത്തിയും മാത്രമേ കീഴില്‍ ജോലി ചെയ്യുന്ന പത്രപ്രവര്‍ത്തകര്‍ക്കായാലും മറ്റു ജോലിക്കാര്‍ക്കായാലും കഴിഞ്ഞുകൂടാനാകൂ.
ഈയടുത്ത് കേരളത്തിലെ ഏറ്റവും പ്രമുഖമായ ചാനലില്‍നിന്ന് തൊട്ടുമേലുദ്യോഗസ്ഥയായ സ്ത്രീയുടെ മാടമ്പിത്തം സഹിക്കവയ്യാതെ ഒരു കൂട്ടം യുവജേണലിസ്റ്റുകള്‍ മറ്റൊരു ചാനലിലേക്ക് കൂടുമാറിയത് വാര്‍ത്തയായിരുന്നു. കൂടുതല്‍ കൊഴിഞ്ഞുപോക്ക് ഒഴിവാക്കാന്‍ ചാനല്‍ അധികൃതര്‍ പ്രസ്തുത മാടമ്പിയെ താല്ക്കാലികമായി വേദിമാറ്റുകയും ചെയ്തു.
കരാര്‍ തൊഴിലിനെതിരെ ഇന്ത്യയില്‍ ഏറ്റവുമധികം ശബ്ദമുയര്‍ത്തിയിട്ടുള്ള ട്രേഡ് യൂണിയനുകളില്‍ ഒന്നാണ് എഐടിയുസി. എന്നാല്‍ എഐടിയുസിയുടെയും സിപിഐയുടെയും ഭാരവാഹികള്‍ ഭരണചക്രം തിരിക്കുന്ന ജനയുഗം പത്രത്തില്‍ ബഹുഭൂരിപക്ഷം പത്രപ്രവര്‍ത്തകരും കരാര്‍ തൊഴിലാളികളാണ്. ഇങ്ങനെ കരാര്‍ തൊഴില്‍ ചെയ്യുന്നവരെല്ലാം സിപിഐ അംഗങ്ങള്‍ ആയിരുന്നുവെങ്കില്‍ അതിനെ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ചെലവില്‍ എഴുതിത്തള്ളാമായിരുന്നു. എന്നാല്‍ അങ്ങനെയല്ല, അവിടുത്തെ കാര്യം എന്ന് ജനയുഗം വിട്ടു പുറത്തുവന്ന അനേകം പത്രപ്രവര്‍ത്തകര്‍ സാക്ഷിക്കുന്നു.
"പത്രങ്ങള്‍ കരാര്‍ തൊഴില്‍ ഏര്‍പ്പെടുത്തുന്നത് വേജ് ബോര്‍ഡ് ശുപാര്‍ശയെ അപേക്ഷിച്ച് തീര്‍ത്തും ശുഷ്കമായ ശമ്പളസ്കെയിലില്‍ പണിയെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. സബ് എഡിറ്റര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തുടക്കഗ്രേഡുകളിലെ കരാര്‍ത്തൊഴില്‍ ലക്ഷ്യമാക്കുന്നത് അര്‍ഹമായ ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കാതിരിക്കലാണ്. "
മലയാളത്തിലെ ചെറുകിട പത്രങ്ങളില്‍ പലതിലും ന്യൂസ് എഡിറ്റര്‍, ബ്യൂറോ ചീഫ് തുടങ്ങിയ പ്രധാന സ്ഥാനങ്ങളില്‍ മാത്രമാണ് പത്രപ്രവര്‍ത്തകര്‍ കമ്പനി പേറോളില്‍ പണിയെടുക്കുന്നത്. മറ്റുള്ളവരെല്ലാം കരാര്‍ തൊഴിലിലാണ്. കേരളത്തിലെ രണ്ടാമത്തെ വലിയ പത്രത്തില്‍ പോലും കരാര്‍ തൊഴില്‍ വ്യാപകമാണെന്ന ആക്ഷേപമുണ്ട്.
ഒരു പരിധിയിലേറെ ശമ്പളമുള്ള അവസ്ഥയില്‍ എത്തുന്ന പത്രപ്രവര്‍ത്തകര്‍ക്ക് പേറോളിനേക്കാള്‍ ആകര്‍ഷകം കരാര്‍ തൊഴില്‍ തന്നെയാവും. ഉദാഹരണത്തിന് മനോരമയില്‍ നിന്നു വിരമിച്ച ശേഷവും തോമസ് ജേക്കബ് അവിടെ തുടരുന്നത് കരാര്‍ തൊഴിലാളിയായാണ്. അതിനെ പക്ഷെ ചൂഷണാത്മകമായ കരാര്‍ ജോലിയായി പരിഗണിക്കാനാവില്ല.
എന്നാല്‍ ഇവിടെ പത്രങ്ങള്‍ കരാര്‍ തൊഴില്‍ ഏര്‍പ്പെടുത്തുന്നത് വേജ് ബോര്‍ഡ് ശുപാര്‍ശയെ അപേക്ഷിച്ച് തീര്‍ത്തും ശുഷ്കമായ ശമ്പളസ്കെയിലില്‍ പണിയെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. സബ് എഡിറ്റര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തുടക്കഗ്രേഡുകളിലെ കരാര്‍ത്തൊഴില്‍ ലക്ഷ്യമാക്കുന്നത് അര്‍ഹമായ ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കാതിരിക്കലാണ്. ആ നിലയ്ക്ക് മുഴുവന്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്തിയിട്ടുള്ള ദേശാഭിമാനിയുടെ നിലപാട് അഭിന്ദനാര്‍ഹവുമാണ് (അതുകൊണ്ടുതന്നെ പത്രപ്രവര്‍ത്തകരുടെ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കുന്നതോടെ അസമമായ മത്സരമാവും ദേശാഭിമാനി നേരിടേണ്ടിവരിക).
അതുപോലെ, ചാനലുകളടക്കമുള്ള മാദ്ധ്യമങ്ങളില്‍, പ്രത്യേകിച്ചും അച്ചടിമാദ്ധ്യമങ്ങളില്‍, തൊഴിലിനു കയറുന്നവരില്‍ എത്ര വലിയൊരു ശതമാനമാണ് തൊഴില്‍ നിര്‍ത്തിയോ തൊഴില്‍ മാറിയോ പോകുന്നതെന്ന് പരിശോധിക്കേണ്ടതാണ്. വിസ്മയകരമായ വിധത്തിലാണ് ആളുകള്‍ പത്രപ്രവര്‍ത്തനമേഖല ഒഴിഞ്ഞുപോകുന്നത്. ഇവരില്‍ ഏറിയ കൂറും സ്ത്രീകളാണെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ഇതിന്റെ കാരണങ്ങള്‍ പരിശോധിച്ചാല്‍ കേരളം നടുങ്ങുന്ന തൊഴിലിട, തൊഴില്‍ പീഡനങ്ങളുടെ പരമ്പര പുറത്തുവരും. ഇവിടെ വിവക്ഷ ലൈംഗികപീഡനമെന്നല്ല. തൊഴിലിടത്തിലെ മാനസികപീഡനവും സമ്മര്‍ദ്ദവുമാണ്. നല്ല വേതനം നല്കുന്ന മാദ്ധ്യമങ്ങളില്‍ പോലും ഈയൊരു അമിതതൊഴിലും തൊഴിലിടസമ്മര്‍ദ്ദവും അതികഠിനമാണ്. വന്‍കിട വേതനം നല്കുന്ന ഇടങ്ങളില്‍ ട്രെയിനിംഗ് കാലത്ത് പതിനേഴു മണിക്കൂര്‍ വരെ പണിയെടുക്കേണ്ടി വരാറുണ്ടത്രേ. ചാനലുകളില്‍ പിന്നെ ജോലിസമയത്തിന് കൃത്യതയെന്നൊന്നില്ലേയില്ല.
"വിസ്മയകരമായ വിധത്തിലാണ് ആളുകള്‍ പത്രപ്രവര്‍ത്തനമേഖല ഒഴിഞ്ഞുപോകുന്നത്. ഇവരില്‍ ഏറിയ കൂറും സ്ത്രീകളാണെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ഇതിന്റെ കാരണങ്ങള്‍ പരിശോധിച്ചാല്‍ കേരളം നടുങ്ങുന്ന തൊഴിലിട, തൊഴില്‍ പീഡനങ്ങളുടെ പരമ്പര പുറത്തുവരും."
ചുരുക്കം പറഞ്ഞാല്‍ ജേണലിസ്റ്റുകളോട് ഇങ്ങനെ പെരുമാറുന്നവര്‍ പത്രഏജന്റുമാരോട് എങ്ങനെ പെരുമാറുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ. വര്‍ഷങ്ങളായി പത്രഏജന്റുമാരെ ഏഴാംകൂലികളായിത്തന്നെയാണ് പത്രസ്ഥാപനങ്ങള്‍ കാണുന്നത്. ചാനലുകള്‍ വന്നതോടെ പത്രങ്ങള്‍ നേരിട്ട വംശനാശഭീഷണിയെ അവ അതിജീവിച്ചത് ചാനലുകളെ അതിശയിക്കുന്ന സെന്‍സേഷനലൈസേഷനും ഭാഷയുടെ കടുത്ത പൈങ്കിളിവല്‍ക്കരണവും കൊണ്ടാണ്. എന്നാലും ചാനലുകള്‍ക്ക് ഒരിക്കലും ഒരു ഏജന്റിനെയും ആശ്രയിക്കേണ്ടിവരുന്നില്ലാത്തിടത്ത്, ഏജന്റുമാര്‍ ഓരോ പത്രവും ചുമന്ന് ഓരോ വീട്ടുപടിക്കലും എത്തിക്കുക എന്ന സംഗതി നടന്നില്ലെങ്കില്‍ നിലച്ചുപോകുന്ന ഊര്‍ദ്ധശ്വാസവുമായി നിലകൊള്ളുന്ന പത്രങ്ങള്‍ പക്ഷേ, ആ സുപ്രധാനകര്‍മം ഏറെക്കുറേ ത്യാഗനിര്‍ഭരമായിത്തന്നെ നിര്‍വഹിച്ചുപോരുന്ന ഏജന്റുമാരെ തീര്‍ത്തും അവഗണിച്ചാണിട്ടിരുന്നത്. യഥാര്‍ത്ഥശക്തി തിരിച്ചറിയുന്ന കടുവയെപ്പോലെ, ഏജന്റുമാര്‍ തങ്ങളുടെ സ്ഥാനവും അതിന്റെ നിര്‍ണായകത്വവും തിരിച്ചറിഞ്ഞാല്‍ തങ്ങള്‍ക്കു സംഭവിക്കാനിടയുള്ള ശക്തിശോഷണവും ഏജന്റുമാര്‍ ഏര്‍പ്പെടുത്താന്‍ പോകുന്ന സമ്മര്‍ദ്ദശക്തിയും മനസ്സിലാക്കിയിട്ടുള്ള പത്രമുതലാളിമാര്‍ വളരെ നേരത്തേ ഏജന്റുമാരെ കൂട്ടിലാക്കി പൂട്ടിയിടാനുള്ള വേലകളെല്ലാം സംഘം ചേര്‍ന്നു തന്നെ നിര്‍വഹിച്ചിരുന്നു.
ഓരോ ഏജന്റും രണ്ടുമാസത്തെ പത്രത്തിന്റെ തുക (അതൊരു വലിയ തുകതന്നെ വരും) മുന്‍കൂട്ടി ആഫീസില്‍ കെട്ടിവച്ചാണ് ഓരോ പത്രത്തിനും മേലുള്ള ഏജന്‍സി സ്വന്തമാക്കുന്നത്. ഈ വന്‍തുക പത്രത്തിന്റെ മുതല്‍മുടക്കുധനമായി എക്കാലത്തേക്കും അവരുടെ കൈയിലിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് സമരത്തിലേര്‍പ്പെടാന്‍ ഇത്രയും കാലം ഏജന്റുമാര്‍ മടികാട്ടിയിരുന്നത്. ഇത്രയും വലിയൊരു നിരതദ്രവ്യം കെട്ടിവച്ച് നടത്തുന്ന പണിയെന്ന നിലയില്‍ത്തന്നെ ബോണ്ട് സംവിധാനം പോലെ മനുഷ്യത്വരഹിതമായ പണിയായി ഈ തൊഴില്‍ മാറുന്നുമുണ്ട്. യഥാര്‍ത്ഥത്തില്‍ പത്രത്തിന് ഏജന്റുമാരെയാണ് ആവശ്യം എന്ന അവസ്ഥയെ ഏജന്റുമാര്‍ക്ക് പത്രത്തിനെയാണ് ആവശ്യം എന്ന മട്ടിലാക്കി മാറ്റാന്‍ ഈയൊരൊറ്റ സൂത്രപ്പണികൊണ്ട് മുതലാളിമാര്‍ക്കു സാധിച്ചു.
ഒന്നരവര്‍ഷമായി വിവിധ ആവശ്യങ്ങളുന്നയിച്ച് കേരളത്തിലെ പല ദിക്കിലായി സൂചനാസമരങ്ങളിലായിരുന്നു പത്രഏജന്റുമാര്‍. അതില്‍ പ്രധാനപ്പെട്ട ആവശ്യം, ഏകദേശം മുപ്പതുവര്‍ഷക്കാലത്തോളം വില്‍പ്പനവിലയുടെ 40% ആയിരുന്ന ഏജന്റ് കമ്മിഷന്‍ ഏകപക്ഷീയമായി 25% ആയി കുറച്ച പത്രങ്ങളുടെ നടപടി റദ്ദുചെയ്യുകയും പകരം 50% കമ്മിഷന്‍ അനുവദിക്കുകയും ചെയ്യുക എന്നതായിരുന്നു. രാഷ്ട്രദീപിക, ഫ്ളാഷ്, ബിഗ് ന്യൂസ് തുടങ്ങിയ ഉച്ചപ്പത്രങ്ങള്‍ തുടക്കംമുതല്‍ തന്നെ ഈ കമ്മിഷന്‍ നല്‍കുന്നുണ്ട്.
ചങ്ങനാശ്ശേരിയിലും പാലക്കാട്ടും മറ്റും ആ സമരം വളരെ ശക്തമായിത്തന്നെ മുന്നോട്ടുപോയി. അത്തരം ലോക്കല്‍ സമരങ്ങളെ പൂര്‍ണമായും അവഗണിച്ചുകൊണ്ടാണ് പത്രങ്ങള്‍ അവയെ നിരാകരിച്ചത്. ഒരു വാര്‍ത്ത പോലും കൊടുക്കാതെയും ചര്‍ച്ചയ്ക്കുവിളിക്കാതെയും ജനങ്ങളുടെ വാര്‍ത്തയറിയാനുള്ള സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമായി ആ സമരത്തെ ചിത്രീകരിച്ചും പത്രമുതലാളികള്‍ സമരത്തെ ജനവിരുദ്ധവും നിസ്സാരവുമായി മാറ്റിയെടുക്കാന്‍ ശ്രമിച്ചു. അതിനിടയില്‍ പത്രവിതരണക്കാര്‍ 10 രൂപ മുതല്‍ 15 രൂപ വരെ സര്‍വീസ് ചാര്‍ജ് ഈടാക്കാനും തുടങ്ങി.
"ഓരോ ഏജന്റും രണ്ടുമാസത്തെ പത്രത്തിന്റെ തുക മുന്‍കൂട്ടി കെട്ടിവച്ചാണ് ഏജന്‍സി സ്വന്തമാക്കുന്നത്. ഈ വന്‍തുക പത്രത്തിന്റെ മുതല്‍മുടക്കുധനമായി എക്കാലത്തേക്കും അവരുടെ കൈയിലിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് സമരത്തിലേര്‍പ്പെടാന്‍ ഇത്രയും കാലം ഏജന്റുമാര്‍ മടികാട്ടിയിരുന്നത്. ഇത്രയും വലിയൊരു നിരതദ്രവ്യം കെട്ടിവച്ച് നടത്തുന്ന പണിയെന്ന നിലയില്‍ത്തന്നെ ബോണ്ട് സംവിധാനം പോലെ മനുഷ്യത്വരഹിതമായ പണിയായി ഈ തൊഴില്‍ മാറുന്നുമുണ്ട്."
ലോക്കല്‍സമരങ്ങളുടെ അവസാനം ഇപ്പോള്‍ പത്രഏജന്റുമാര്‍ സംസ്ഥാനവ്യാപകമായി വന്‍തോതില്‍ സമരം തുടങ്ങുകയാണുണ്ടായത്. കമ്മീഷന്‍ വ്യവസ്ഥയില്‍ പത്രങ്ങള്‍ തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ വരുത്തിയ പരിഷ്കാരങ്ങള്‍ അവസാനിപ്പിച്ച്, ഏജന്റുമാരെ തൊഴിലാളികളായി കണക്കാക്കി, അനുഭാവപൂര്‍വമായ കമ്മീഷന്‍ വ്യവസ്ഥകള്‍ അംഗീകരിക്കുകയെന്നതാണ് പ്രധാനാവശ്യം. പണ്ടത്തേതില്‍നിന്നു വ്യത്യസ്തമായി ഇന്ന് പത്രങ്ങളുടെ പേജ് ധാരാളമായി വര്‍ദ്ധിച്ചുവെന്നും പുള്‍ ഔട്ടുകളും സപ്ലിമെന്റുകളും ദിവസേന ഉണ്ടെന്നും ഉള്ള വസ്തുത കണക്കിലെടുക്കണമെന്നും ഏജന്റുമാര്‍ പറയുന്നു. ഇതു സത്യമാണെന്നത് ആര്‍ക്കാണറിയാത്തത്? ഇത്രയേറെ മെഷീനുകള്‍ ഉണ്ടെങ്കിലും പുള്‍ഔട്ടുകളും സപ്ലിമെന്റുകളും പത്രക്കെട്ടോടൊപ്പം വേറേ കെട്ടായിട്ടാണ് പത്രങ്ങള്‍ നല്കുന്നത്. ഇവ മുഴുവന്‍ സൂര്യനുദിക്കും മുന്‍പ് വല്ല കവലയിലെ കടത്തിണ്ണയിലുമിരുന്ന് പത്രങ്ങള്‍ക്കുള്ളിലാക്കിവേണം ഏജന്റോ അയാള്‍ ഏര്‍പ്പെടുത്തിയ സബ് ഏജന്റോ പത്രവിതരണം നടത്താന്‍. മുതലാളി രണ്ടു മാസത്തെ കാശു നേരത്തേ വാങ്ങിവച്ചിരിക്കുന്നുവെങ്കിലും ഏജന്റ് നടന്നും വലഞ്ഞു പലവട്ടമായിട്ടും ഒക്കെ കാശു പിരിച്ചെടുക്കേണ്ടിവരും.
അതിനുപുറമേ, ഇപ്പോള്‍ സബ് ഏജന്റായി വിതരണക്കാരെ കിട്ടാന്‍ നല്ല പ്രയാസം. സ്വന്തം വീട്ടില്‍ ഒരു അത്യാവശ്യമുണ്ടായാലും മരണം തന്നെയുണ്ടായാലും പത്രവിതരണം മുടങ്ങാന്‍ പാടില്ല. ന്യൂസ് പേപ്പര്‍ ബോയി വന്നില്ലെങ്കില്‍ പ്രധാന ഏജന്റ് തന്നെയിറങ്ങേണ്ടിവരും. ഇപ്പോള്‍ പല ഏജന്റുമാരും ഇന്ധനമുപയോഗിച്ചോടുന്ന ഇരുചക്രവാഹനങ്ങളുപയോഗിച്ചാണ് വിതരണം നടത്തുന്നത്. അതിന്റെ ചെലവു വേറേ.
പുതിയ കാലത്ത് സപ്ലിമെന്റുകളും പുള്‍ ഔട്ടുകളും ആഘോഷകാലങ്ങളില്‍ രണ്ടും മൂന്നും പത്രങ്ങളും ഒക്കെ ഉണ്ടാകുന്നത് പരസ്യവരുമാനത്തിന്റെ വര്‍ദ്ധനയ്ക്കായാണ്. കൂടുതല്‍ ഫ്രണ്ട് പേജ് പരസ്യങ്ങളും ബാക്ക് പേജ് പരസ്യങ്ങളും സ്വീകരിക്കാന്‍ രണ്ടോ മൂന്നോ ആയിട്ടാണ് ആഘോഷാവസരങ്ങളില്‍ പത്രങ്ങളും മാസികകളും ഇപ്പോള്‍ ഇറക്കുന്നത്. മലയാളത്തില്‍ മലയാള മനോരമയും വനിതയും തുടങ്ങിവച്ച ഈ പരിപാടി മാതൃഭൂമിയും നന്നായി തന്നെ വച്ചുനടത്തുന്നുണ്ട്. പെയ്ഡ് ന്യൂസ് ഇനത്തില്‍ പെടുത്താവുന്ന വ്യക്തിമഹാത്മ്യ പുള്‍ഔട്ടുകള്‍ പുറത്തിറക്കി ആദ്യം ദീപികയും പിന്നീട് കേരളകൌമുദിയും ഈ പരിപാടിയെ പരിപോഷിപ്പിക്കുകയും ചെയ്തു. ഇതെല്ലാം ചുമക്കേണ്ട ബാദ്ധ്യത അധികവരുമാനമേയില്ലാതെ ഏജന്റിന്റെ പുറത്താണ്.
"പുതിയ കാലത്ത് സപ്ലിമെന്റുകളും പുള്‍ ഔട്ടുകളും ആഘോഷകാലങ്ങളില്‍ രണ്ടും മൂന്നും പത്രങ്ങളും ഒക്കെ ഉണ്ടാകുന്നത് പരസ്യവരുമാനത്തിന്റെ വര്‍ദ്ധനയ്ക്കായാണ്. കൂടുതല്‍ ഫ്രണ്ട് പേജ് പരസ്യങ്ങളും ബാക്ക് പേജ് പരസ്യങ്ങളും സ്വീകരിക്കാന്‍ രണ്ടോ മൂന്നോ ആയിട്ടാണ് ആഘോഷാവസരങ്ങളില്‍ പത്രങ്ങളും മാസികകളും ഇപ്പോള്‍ ഇറക്കുന്നത്. ഇതെല്ലാം ചുമക്കേണ്ട ബാദ്ധ്യത അധികവരുമാനമേയില്ലാതെ ഏജന്റിന്റെ പുറത്താണ്."
വാസ്തവത്തില്‍ അച്ചടിച്ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ സബ്സിഡൈസ്ഡ് റേറ്റിലാണ് ആളുകളുടെ കയ്യില്‍ പത്രം എത്തുന്നത് എന്നു പറയാം. പരസ്യവരുമാനത്തില്‍ നിന്നാണ് ഈ സബ്സിഡി നിലനിര്‍ത്താനും അതിനുംപുറമേ ലാഭം കൊയ്യാനുമുള്ള സാമ്പത്തിക നേട്ടം പത്രങ്ങള്‍ ഉണ്ടാക്കുന്നത്. ഈ സബ്സിഡിയുടെ ഭാരം വിതരണക്കാര്‍ പേറേണ്ടതുണ്ടോ എന്ന ചോദ്യവും സംഗതമാണ്. പ്രത്യേകിച്ച് വന്‍നഗരങ്ങളില്‍ ഒരു രൂപയ്ക്കും ഒന്നരരൂപയ്ക്കും സൌജന്യമായും ഒക്കെ 56 പേജും അതിലധികവും പുറങ്ങളുള്ള ഇംഗ്ലീഷ് പത്രങ്ങള്‍ വിതരണം ചെയ്യപ്പെടുന്നുണ്ട് എന്ന വസ്തുതയും കണക്കിലെടുക്കണം.
ഇപ്പോള്‍ സമരം ശക്തമായി നീങ്ങുമ്പോള്‍ പത്രവിതരണത്തിന് സമാന്തരമാര്‍ഗങ്ങളാലോചിക്കുകയാണ് പത്രമുതലാളിമാര്‍. അതൊരു തരത്തില്‍ വിമോചനസമരകാലത്തെ സൂചനകളിലേക്കാണ് നീങ്ങുന്നതെന്നത് അപകടകരമായി തോന്നുന്നു. ദേശാഭിമാനി പോലുള്ള ഇടതുപാര്‍ട്ടിപ്പത്രങ്ങളെ വളര്‍ത്താന്‍ അതുവഴി, ക്രീസ്ത്രീയപത്രങ്ങളെ തളര്‍ത്താന്‍ ശ്രമിക്കുന്ന നടപടിയാണിതെന്ന മട്ടില്‍ പള്ളികളും യുവക്രൈസ്തവസംഘടനകളും അതുപോലെതന്നെ ഇതരസമുദായസംഘങ്ങളും സ്വയം വായനക്കാരുടെ കൂട്ടായ്മയെന്നു പ്രഖ്യാപിച്ച്, പത്രവിതരണം നടത്തുകയാണ്. ഇതൊരു തരത്തില്‍ തൊഴില്‍നിഷേധവും തൊഴിലവകാശസംരക്ഷണത്തിന് സമരമെന്ന ആയുധത്തെ ഉപയോഗപ്പെടുത്തുന്നതിനെ അട്ടിമറിക്കാനുള്ള ശ്രമവുമായി പരിണമിക്കുന്നുണ്ട്. ഇതിനിടെ, ഇത്തരം നീക്കങ്ങളെ വാര്‍ത്ത അറിയാനുള്ള പൊതുജനത്തിന്റെ അവകാശത്തിന്റെ വിസ്ഫോടനമായി ചിത്രീകരിക്കുകയാണ് പത്രങ്ങള്‍.
ഇനിയിവിടെ പാര്‍ട്ടി പത്രങ്ങള്‍ മതിയോ എന്നു ചോദിച്ചുകൊണ്ട് ന്യൂസ് പേപ്പര്‍ ഉടമകളുടെ അഖിലേന്ത്യാ അസോസിയേഷന്‍ പരസ്യപ്രസ്താവന നടത്തിയതും ഇതൊരു ഇടതു നീക്കമാണെന്ന തെറ്റിദ്ധാരണ പരത്താനാണ്. ഇതുവഴി സാമുദായികസംഘടനകളെ പ്രകോപിപ്പിക്കാന്‍ സാധിച്ചേക്കും. ഈയിടെ സികെ ചന്ദ്രപ്പന്റെ മരണവാര്‍ത്ത ജനത്തെ അറിയിക്കാന്‍ വിവിധപത്രങ്ങള്‍ സിപിഐ പ്രവര്‍ത്തകര്‍ നടന്നു വിതരണം ചെയ്തതിനെയും പത്രമുതലാളിമാര്‍ വാര്‍ത്ത അറിയിക്കാനുള്ള പൌരാവകാശമായി ചിത്രീകരിച്ചു. സിപിഐക്കാര്‍ അങ്ങനെ ചെയ്തുവെന്നതു തന്നെ ഇതൊരു ഇടതുഗൂഢാലോചനയല്ലെന്നു തെളിയിക്കുന്നുണ്ട്.
"പാര്‍ട്ടിപ്പത്രങ്ങളെ വളര്‍ത്താന്‍ അതുവഴി, ക്രീസ്ത്രീയപത്രങ്ങളെ തളര്‍ത്താന്‍ ശ്രമിക്കുന്ന നടപടിയാണിതെന്ന മട്ടില്‍ പള്ളികളും യുവക്രൈസ്തവസംഘടനകളും ഇതരസമുദായസംഘങ്ങളും സ്വയം വായനക്കാരുടെ കൂട്ടായ്മയെന്നു പ്രഖ്യാപിച്ച്, പത്രവിതരണം നടത്തുകയാണ്. ഇതൊരു തരത്തില്‍ തൊഴില്‍നിഷേധവും തൊഴിലവകാശസംരക്ഷണത്തിന് സമരമെന്ന ആയുധത്തെ ഉപയോഗപ്പെടുത്തുന്നതിനെ അട്ടിമറിക്കാനുള്ള ശ്രമവുമായി പരിണമിക്കുന്നുണ്ട്."
പത്രവിതരണക്കാരുടെ സമരത്തിന്റെ ആദ്യഘട്ടത്തില്‍ പാര്‍ട്ടി പത്രങ്ങളെ ഒഴിവാക്കാമെന്ന ആലോചന വന്നതാണ് ഇത്തരമൊരു ദുഷ്പ്രചാരണത്തിന് അവസരം സൃഷ്ടിച്ചത്. ആലോചന വന്നു എന്നല്ലാതെ മിക്കയിടത്തും പാര്‍ട്ടി പത്രങ്ങളും വിതരണം ചെയ്യപ്പെടുന്നില്ല എന്നതാണ് സ്ഥിതി. സമരത്തിലേര്‍പ്പെടുന്ന ഏജന്റുമാര്‍ കുത്തകപത്രങ്ങളോടൊപ്പം പാര്‍ട്ടി പത്രങ്ങളും തമസ്കരിക്കുന്നു. അതില്‍ തെറ്റുപറയാനില്ലതാനും.
ദേശാഭിമാനി, ജനയുഗം, ജന്മഭൂമി, വീക്ഷണം, ചന്ദ്രിക എന്നീ പത്രങ്ങള്‍ യഥാക്രമം സിപിഎം, സിപിഐ, ബിജെപി, കോണ്‍ഗ്രസ് ഐ, മുസ്ലീം ലീഗ് എന്നീ പ്രസ്ഥാനങ്ങളുടെ ഔദ്യോഗിക ജിഹ്വകളാണ്. മിക്കയിടങ്ങളിലും അതാതു പാര്‍ട്ടിപ്രവര്‍ത്തകര്‍ തങ്ങളുടെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമെന്ന നിലയിലാണ്, ഈ പത്രങ്ങള്‍ വിതരണം ചെയ്യുന്നത്. കാരണം, പരസ്യവരുമാനത്തില്‍ നിന്നുള്ള ലാഭം നിമിത്തമല്ല, രാഷ്ട്രീയപ്രചാരണം എന്ന ആവശ്യം നിമിത്തമാണ്, ഈ പത്രങ്ങള്‍ നിലനിന്നുപോരുന്നത്. ഇതേ കാരണംകൊണ്ടാണ് ജമാഅത്തേ ഇസ്ലാമിയുടെ മാധ്യമവും എസ്ഡിപിഐയുടെ തേജസും അതാതു പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ വീടുകളിലെത്തിക്കുന്നത്. എന്നാല്‍ സമരം തുടങ്ങിയതില്‍ പിന്നെ പലയിടത്തും ഈ പത്രങ്ങളും വീടുകളിലെത്തുന്നില്ല.
അതേ സമയം പാര്‍ട്ടി പത്രം എന്നാല്‍ ദേശാഭിമാനി മാത്രം എന്ന പല്ലവിയാണ് ഐഎന്‍എസ് മുതല്‍ സംസ്ഥാന തൊഴില്‍മന്ത്രിവരെ പാടുന്നതെന്ന് ദേശാഭിമാനി പത്രാധിപസമിതിയംഗം പി എം മനോജ് ചൂണ്ടിക്കാട്ടുന്നു. 'വീക്ഷണം, ചന്ദ്രിക, ജന്മഭൂമി തുടങ്ങിയവയൊന്നും പാര്‍ട്ടി പത്രവുമല്ല; പത്രവുമല്ല. ദേശാഭിമാനി മാത്രമാണ് പാര്‍ട്ടി പത്രമെന്നും പാര്‍ട്ടി പത്രം മാത്രം മതിയോ നാട്ടില്‍ എന്നും ഒരു ബഗ്ഗ ചോദിക്കുന്നു,' പി എം മനോജ് പരിഹാസത്തോടെ ഫേസ്ബുക്കില്‍ കുറിക്കുന്നു:
സംസ്ഥാനത്ത് ചിലേടത്ത് സമരമില്ല. അവിടെ എല്ലാ പത്രവും പോകുന്നു. ചിലേടത്ത് ദേശാഭിമാനിയടക്കമുള്ള പത്രങ്ങളുടെ വിതരണം നടക്കുന്നില്ല. ചില സ്ഥലത്ത് ദേശാഭിമാനി അന്നന്ന് പാര്‍ടി പ്രവര്‍ത്തകര്‍ വരിക്കാര്‍ക്ക് എത്തിക്കുന്നു.മനോരമ അച്ചടിച്ചിറക്കുന്നത് കോണ്‍ഗ്രസിനുവേണ്ടി പാണന്‍പാടാന്‍ മാത്രമല്ല; അതിന്റെ മുതലാളിക്ക് ലാഭം കിട്ടാന്‍കൂടിയാണ്. ദേശാഭിമാനി ഇറക്കുന്നത്, അതു നടത്തുന്ന പാര്‍ടിയുടെ കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാനാണ്. ലാഭം നേടാനുള്ള കച്ചവടമായിട്ടല്ല. പാര്‍ടികാര്യങ്ങള്‍ പാര്‍ടി പ്രവര്‍ത്തകര്‍ നടത്തും. ഏജന്റുമാരുടെ പ്രശ്നങ്ങള്‍ പരിശോധിച്ച് ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിനു പകരം പാര്‍ടിക്കെതിരെ തിരിഞ്ഞിട്ടെന്തു കാര്യം?മനോരമയ്ക്ക് വേണമെങ്കില്‍ കാശുവാങ്ങാതെ പത്രം വിതരണം ചെയ്യാം - അത്രയ്ക്കുണ്ട് പരസ്യവരുമാനം. മാതൃഭൂമിയും മോശമല്ല. ചെറുകിട പത്രങ്ങളുടെ സ്ഥിതി കഷ്ടമാണ്. സമരം തീര്‍ക്കാന്‍ നോക്കാതെ പൂരപ്പാട്ടും കൊണ്ടിറങ്ങിയാല്‍ പത്രം ആടുതിന്നും.
ഏതായാലും ദിവസങ്ങളോളം പത്രം കിട്ടാതെയാകുന്നത് പത്രമുതലാളിമാരെ രണ്ടുവിധത്തില്‍ വിറളി പിടിപ്പിക്കുന്നുണ്ട്. പത്രം ഒരു അവശ്യവസ്തുവല്ലെന്നും ഇത്രയധികം വാര്‍ത്താ ചാനലുകളും വാര്‍ത്താ പോര്‍ട്ടലുകളും നിലവിലിരിക്കെ പത്രങ്ങള്‍ നിലനില്ക്കേണ്ടത് പത്രങ്ങളുടെ മാത്രം ആവശ്യമാണെന്ന് ജനം തിരിച്ചറിയുന്നു എന്നതും ഏജന്റുമാരുടെ സഹായമില്ലാതെ പത്രങ്ങള്‍ക്ക് ജീവനുണ്ടാകില്ലെന്ന് ഏജന്റുമാരും വായനക്കാരും തിരിച്ചറിയുന്നുവെന്നതും ഒന്നാമത്തെ കാര്യം.
"65% പരസ്യം പേജുകളിലുണ്ടായിരുന്ന പത്രങ്ങളില്‍ ഇപ്പോളുള്ളത് 15% പരസ്യങ്ങള്‍ മാത്രം. അതില്‍ത്തന്നെ 10% ഹോം പരസ്യങ്ങളും ബാക്കി ലോക്കല്‍ പരസ്യങ്ങളും. വായനക്കാരിലെത്താത്ത പത്രത്തിന് ആരുകൊടുക്കും പരസ്യം? "
അതിനുദാഹരണമാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പത്രം നാലു ദിവസം കിട്ടാതിരുന്നപ്പോള്‍ ആ അഡിക്ഷനങ്ങു തീര്‍ന്നു, ഇപ്പോള്‍ പത്രമില്ലാതെയും ജീവിക്കാം, കക്കൂസില്‍ പോകാം എന്നിങ്ങനെയുള്ള കമന്റുകളോട് ഗംഭീരമായി അനുകൂലിച്ചുകൊണ്ടുവരുന്ന ലൈക്കുകളും കമന്റുകളും. പത്രങ്ങള്‍ കേരളത്തില്‍ ഒന്നേകാല്‍ നൂറ്റാണ്ടുകൊണ്ടു വളര്‍ത്തിക്കൊണ്ടുവന്ന ഈ അഡിക്ഷന്‍ പത്തുദിവസം കൊണ്ട് ചരമഗതി പൂണ്ടുപോകുമെന്നു മനസ്സിലാക്കുന്ന പത്രമുതലാളിമാരുടെ ഈറയും വിറയുമാണ് മറ്റെന്തെങ്കിലും മാര്‍ഗത്തിലൂടെ ഈ സമരത്തെ പൊളിക്കാന്‍ അവരെ വ്യഗ്രരാക്കുന്നത്.
രണ്ടാമത്തെ കാര്യം, ഈ സമരദിനങ്ങളിലെ പത്രങ്ങളുടെ അവസ്ഥയാണ്. പല്ലുകൊഴിഞ്ഞ സിംഹങ്ങളെപ്പോലെയാണവര്‍. പരസ്യം ഇല്ലാതെ മനോരമയോ മാതൃഭൂമിയോ കാണണമെങ്കില്‍ ഈ ദിവസങ്ങളിലെ പത്രങ്ങള്‍ നോക്കിയാല്‍ മതി. അറുപത്തഞ്ചു ശതമാനത്തോളം പരസ്യം പേജുകളിലുണ്ടായിരുന്ന ഈ പത്രങ്ങളില്‍ ഇപ്പോളുള്ളത് പതിനഞ്ചു ശതമാനം പരസ്യങ്ങള്‍ മാത്രം. അതില്‍ത്തന്നെ പത്തുശതമാനവും ഹോം പരസ്യങ്ങളും ബാക്കി ലോക്കല്‍ പരസ്യങ്ങളും. വായനക്കാരിലെത്താത്ത പത്രത്തിന് ആരുകൊടുക്കും പരസ്യം? ഇരുപതിനുമേല്‍ പേജുകള്‍ അച്ചടിച്ചിരുന്ന പ്രമുഖപത്രങ്ങള്‍ പന്ത്രണ്ടും പതിനാലും പേജായി ചുരുങ്ങിയിരിക്കുന്നു. സമരം തുടര്‍ന്നാല്‍ പത്രമുത്തശ്ശിമാരും മുത്തശ്ശന്മാരും കോമായിലാകുമെന്നു ചുരുക്കം. ഇതുമൂലമാണ് മുത്തശ്ശിമുഖം മാറ്റി പലരും രാക്ഷസിത്തള്ളമാരായി മാറുന്നത്.
"പത്രഏജന്റുമാരെ തങ്ങളുടെ തൊഴിലാളികളായി പരിവര്‍ത്തിപ്പിക്കുക എന്നതാണ് മാന്യമായ ഒരേയൊരു പോംവഴി. തൊഴിലാളികളെന്ന നിലയില്‍ ഷിഫ്റ്റും അവധിയും ശമ്പളവുമുള്ള പേറോള്‍ ജീവനക്കാരായി അവരെ മാറ്റുക. കവലകളില്‍ പത്രങ്ങള്‍ സംയുക്തമായി മാന്യമായിരുന്നു പത്രവിതരണ കൌണ്ടറുകള്‍ തുറക്കുക."
പത്രഏജന്റുമാരെ തങ്ങളുടെ തൊഴിലാളികളായി പരിവര്‍ത്തിപ്പിക്കുക എന്നതാണ് മാന്യമായ ഒരേയൊരു പോംവഴി. തൊഴിലാളികളെന്ന നിലയില്‍ ഷിഫ്റ്റും അവധിയും ശമ്പളവുമുള്ള പേറോള്‍ ജീവനക്കാരായി അവരെ മാറ്റുക. കവലകളില്‍ പത്രങ്ങള്‍ സംയുക്തമായി മാന്യമായിരുന്നു പത്രവിതരണ കൌണ്ടറുകള്‍ തുറക്കുക. അന്തസ്സായും സംതൃപ്തിയോടെയും പണിയെടുക്കാനുള്ള അവസ്ഥയും സൌകര്യവും സൃഷ്ടിക്കുക. ബോണ്ടു തുക തിരികെ നല്കുകയും പത്രവിതരണത്തിന് സൈക്കിളുകളും ചെറുവാഹനങ്ങളും അനുവദിക്കുകയും ചെയ്യുക. ന്യൂസ് പേപ്പര്‍ ബോയ് മുതല്‍ പ്രധാനവിതരണനിയന്താവു വരെയുള്ള ഒരു പുതിയ തൊഴില്‍ ശ്രേണിയും അവയ്ക്ക് മാന്യമായ ശമ്പളവ്യവസ്ഥകളും മറ്റ് തൊഴില്‍ ആനൂകൂല്യങ്ങളും ഏര്‍പ്പെടുത്തുക.
ഇവിടെ ഉയരാവുന്ന ഒരു ചോദ്യമുണ്ട്. ഒരേ ഏജന്റു തന്നെ ഒന്നിലധികം പത്രങ്ങളുടെ വിതരണം നടത്തുന്നുണ്ടാവില്ലേ? അപ്പോള്‍ അയാള്‍ ഏതു സ്ഥാപനത്തിന്റെ പേ റോളിലാവും ഉണ്ടാവുക? ഇതിന് ഒരു പരിഹാരനിര്‍ദ്ദേശം കൂടി മുന്നോട്ടുവയ്ക്കുകയാണ്.
മൊബൈല്‍ ശൃംഖലകള്‍ വളര്‍ന്നപ്പോള്‍ ഇന്ത്യയിലെ പ്രധാന മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ ചെയ്ത ഒരു കാര്യമുണ്ട്. മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാനായി അവ കൂട്ടുചേര്‍ന്ന് പ്രത്യേക കമ്പനി രൂപീകരിച്ചു. ഓരോരുത്തരും വെവ്വേറെ ടവറുകള്‍ സ്ഥാപിക്കുന്നതിനു പകരം, ഈ സംയുക്ത കമ്പനി വിവിധയിടങ്ങളില്‍ ടവറുകളുയര്‍ത്തും. ഈ ടവറുകള്‍ വിവിധ ഓപ്പറേറ്റര്‍മാര്‍ പങ്കുവയ്ക്കും. ഉപയോഗിക്കുന്ന ടവറുകളുടെ എണ്ണമനുസരിച്ച് ഓപ്പറേറ്റര്‍മാര്‍ സംയുക്ത കമ്പനിക്ക് വാടക നല്‍കും. പകരം സംയുക്ത കമ്പനിയില്‍ മുടക്കിയിരിക്കുന്ന തുകയുടെ തോതനുസരിച്ച് ഓപ്പറേറ്റര്‍മാര്‍ ലാഭവും വീതിക്കും.
"കേരളത്തിലെ പത്രങ്ങള്‍ക്ക് ഒന്നുചേര്‍ന്ന് ഒരു വിതരണക്കമ്പനി രൂപീകരിക്കാവുന്നതാണ്. നിലവിലുള്ള വിവിധ പത്രങ്ങളുടെ വിതരണക്കാരെ ഈ കമ്പനിയുടെ സ്റ്റാഫ് ആയി സ്വീകരിക്കുക. ഏജന്റിന്റെ കോപ്പികളുടെ എണ്ണത്തിനനുസരിച്ച് ജീവനക്കാര്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്തുക. ഈ സംയുക്ത കമ്പനിയുടെ ഉടസ്ഥാവകാശം പങ്കിടുന്നതുപോലെ തന്നെ, അവയുടെ ബാധ്യതയും സാധ്യതയും കൂട്ടായി അനുഭവിക്കുക."
ഇതേ മാതൃകയില്‍ കേരളത്തിലെ പത്രങ്ങള്‍ക്ക് ഒന്നുചേര്‍ന്ന് ഒരു വിതരണക്കമ്പനി രൂപീകരിക്കാവുന്നതാണ്. നിലവിലുള്ള വിവിധ പത്രങ്ങളുടെ വിതരണക്കാരെ ഈ കമ്പനിയുടെ സ്റ്റാഫ് ആയി സ്വീകരിക്കുക. ഏജന്റിന്റെ കോപ്പികളുടെ എണ്ണത്തിനനുസരിച്ച് ജീവനക്കാര്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്തുക. ഈ സംയുക്ത കമ്പനിയുടെ ഉടസ്ഥാവകാശം പങ്കിടുന്നതുപോലെ തന്നെ, അവയുടെ ബാധ്യതയും സാധ്യതയും കൂട്ടായി അനുഭവിക്കുക. ഒരു പക്ഷെ ലോകത്തിനു തന്നെ മാതൃകയാവുന്ന ഒരു തൊഴില്‍ പരീക്ഷണമായി ഇതു മാറിക്കൂടെന്നില്ല.
പത്രവിതരണമാണ് പത്രവ്യവസായത്തിലെ സുപ്രധാനമായ ഫിനിഷിംഗ് ടച്ച് എന്നു തിരിച്ചറിഞ്ഞ് മാന്യവും മനുഷ്യത്വപരവുമായി പ്രവര്‍ത്തിക്കാന്‍ പത്രങ്ങള്‍ തീരുമാനമെടുക്കുന്നില്ലെങ്കില്‍ അവര്‍ സ്വയം ശവക്കുഴി തോണ്ടുകതന്നെയാണ്.
എന്നാല്‍, വിമോചനസമരലൈനില്‍, തെറ്റിദ്ധാരണകള്‍ പരത്തിയും സമരക്കാര്‍ക്കിടയില്‍ കുത്തിത്തിരുപ്പുണ്ടാക്കി കരിങ്കാലികളെ സൃഷ്ടിച്ചും ജനങ്ങളെ സമരത്തിനെതിരാക്കിക്കൊണ്ടും തറവേലയാണിന്ന് പത്രമുതലാളിമാര്‍ നടത്തുന്നത്. അതു വിജയം കണ്ടേക്കാം. കാരണം, ഇതു കേരളമാണല്ലോ. തല്‍ക്കാലം വിജയിച്ചാലും തങ്ങളുടെ രാക്ഷസമുഖവുമായി ഈ പത്രഭീമന്മാര്‍ക്ക് അധികകാലം മുന്നോട്ടുപോകാനായിക്കൊള്ളണമെന്നില്ല.
No comments:
Post a Comment